Wednesday, December 18, 2013

ഞാൻ ഒരു പുത്തൻ , വണ്ടിയെടുത്തു......

കൊച്ചൌസേപ്പ് ചിറ്റില പള്ളി പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു .... ആദ്യമായി ഒരു സെക്കന്റ്‌ ഹാൻഡ്‌  സ്കൂട്ടർ വാങ്ങിയപ്പോൾ ഉള്ള സന്തോഷം , ലക്ഷകണക്കിന് രൂപ കൊടുത്തു മേടിച്ച പുതിയ മോഡൽ ബെൻസ് കാർ വാങ്ങിയപ്പോൾ  തോന്നിയില്ല  എന്ന് ....

എന്റെ അച്ഛൻ , ആദ്യമായി എനിക്ക് വാങ്ങി തന്ന സെക്കന്റ്‌ ഹാൻഡ്‌ സണ്ണി, എനിക്കൊരു വലിയ അനുഭവം ആയിരുന്നു... അതിൽ കയറിയാൽ, പിന്നെ ഞാൻ അതിൽ നിന്നും ഇറങ്ങുന്നത് , വലിയ പ്രയാസം ആയിരുന്നു ..... വളരെ കുഞ്ഞു  വണ്ടി ആയിരുന്നത് കൊണ്ട് ,  മീൻ  വണ്ടി  എന്നൊക്കെ  പറഞ്ഞു , എല്ലാവരും കളിയാക്കുമായിരുന്നു ....

എന്നാലും എനിക്കത് , അക്കാലത്തെ പൾസർ ആയിരുന്നു..., പിന്നീട് എനിക്ക് അച്ഛൻ തന്നെ,  ഒരു പുതിയ വണ്ടി , ഡിയോ , വാങ്ങിത്തന്നു .... സന്തോഷം ആയീ... എങ്കിലും സ്വർഗം കിട്ടിയ അനുഭവം സണ്ണി വാങ്ങിയപ്പോൾ തന്നെ ആയിരുന്നു....
ഇന്ന് ഞാൻ സ്വന്തം കാശ് കൊടുത്തു... അതും റെഡി കാശ് കൊടുത്തു.... 1.5 മാസം വൈറ്റിങ്ങ്  പീരീഡ്‌ ഒക്കെ കാത്തിരുന്നു , പുതിയ ഡിയോ , വാങ്ങി...... പക്ഷെ ഒരു സന്തോഷവും തോന്നിയില്ല എന്നതാണ് വാസ്തവം....

പത്തു - അറുപതു രൂപ കൊടുത്തു വാങ്ങിയ ഒരു സാധനത്തിനു ഒരു സന്തോഷവും തരാൻ ഒക്കില്ലേ?... എന്താ യിതു .... സന്തോഷം പോയിട്ട് ഒരു സമാധാനം പോലുമില്ല .... ഈ വണ്ടി ഇനി എവിടേലും തട്ടുമോ... പാർക്ക്‌ ചെയ്തിരിക്കുന്നിടത്ത് , ആരേലും വണ്ടി എടുക്കുമ്പോൾ ഉരയുമൊ .... ഇങ്ങനെ പോകുന്നു സമാധാനകേടുകൾ .......

ഹ് മ , പിന്നെ പറയാം... ഞാൻ ഒരു പുത്തൻ , വണ്ടിയെടുത്തു ... അത്ര തന്നെ...
സന്തോഷമായോ..... മമ .... ആയി എന്ന് പറയാം........

Saturday, July 6, 2013

എന്നാൽ ഇത്തിരി കടു മാങ്ങാ അച്ചാർ ആകാം അല്ലെ?

എന്താ കടു മാങ്ങാ അച്ചാർ  എന്ന് ജന്മത്ത് കേട്ടട്ടിലാത്തത് പോലെ ?? അത് തന്നെ നമ്മടെ വീട്ടിലെ അച്ചാറിന്റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്.... ഒരു ചായ ഇടാൻ അറിയില്ലെലും , ഒരു അച്ചാർ ഇടാൻ അറിയാം എന്ന് പറയുന്നത് , ഇപോഴത്തെ കല്യാണ മാർക്കറ്റിൽ , ഒരു നല്ല ക്വാളിഫിക്കെഷ്ൻ ആണ് .

ഇനി കല്യാണത്തെ പറ്റി പറഞ്ഞത് ഇഷ്ടപെട്ടിലെങ്കിൽ പോട്ടെ സോറി .... പയ്യന് മാരായാൽ , ഇത്തിരി അച്ചാർ മേക്കിംഗ് അറിഞ്ഞിരിക്കുനത് നല്ലതാ ...  ഇൻ കേസ് ഭാര്യ ഉടക്കാണേൽ , അച്ചാർ കൂട്ടി ഊണ് കഴിക്കാം... ( അപ്പൊ നിങ്ങൾ ചോദിക്കും , കടയിൽ നിന്ന് അച്ചാർ മേടിച്ചാൽ പോരെ എന്ന്? അതൊക്കെ അഴുക്കാന്നു അറിയില്ലേ ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല വിവരം വേണം വിവരം )   ഒന്നുമില്ലേൽ നിങ്ങടെ വെള്ളമടിയുടെ സമയത്ത് ടച്ചിങ്ങ്സ്  ആയിട്ട്..... സ്വന്തമായിട്ട് ഉണ്ടാക്കിയ  ടച്ചിങ്ങ്സ് ഉപയോഗിക്കുന്നത്..... ശോ മുഖം മാറി... പോട്ടെ ഞാൻ വിഷമ്മിപ്പിക്കുന്നില്ല .....

എന്നാ പെണ്പിള്ളരുടെ കാര്യം എടുക്കാം... ഒരു അച്ചാർ ഒക്കെ ഉണ്ടാക്കാൻ അറിയുന്നത് നല്ലതാ , ഭർത്താവിനെ കൈയ്യിൽ എടുക്കാം (എടുത്തു പൊക്കാം എന്നല്ല ഉദേശിച്ചത്‌ ). സഹികെട്ടാൽ അമ്മായി അമ്മയുടെ കണ്ണിൽ  തേക്കാം (ആമേൻ സിനിമ കണ്ടില്ലേ ? അതുപോലെ )  .... ഇനി കല്യാണം കഴിച്ചില്ലേൽ ...മറ്റുള്ളവരുടെ മുൻപിൽ ഷൈൻ ചെയ്യാം ... ഇപ്പോൾ കല്യാണം കഴിഞ്ഞു 2 മക്കൾ ആയവർക്കു  പോലും അച്ചാർ ഉണ്ടാക്കാൻ "അരിയില്ല" എന്ന് പറയുമ്പോൾ , ഇതൊന്നു അറിഞ്ഞിരിക്കുന്നത് നല്ലതാ...


എന്നാ തുടങ്ങാം ....

കടയിലോ , അപ്പുറത്തെ പറമ്പിൽ നിന്നോ നല്ല പച്ച മാങ്ങാ.. ഒരു അരക്കിലോ

ചെറുതായിട്ട് അരിഞ്ഞു (കൈ അരിഞ്ഞ് ഇടാൻ ഇവിടെ നിഷ്കർഷിചിട്ടില്ല ) ആവശ്യത്തിനു ഉപ്പു പുരട്ടി , ഒരു 8 മണിക്കൂർ വെയ്ക്കണം...

ഇനി ,

ഒരു   ടീസ്പൂണ്‍  മുളക് പൊടി

കാൽ  ടീസ്പൂണ്‍  കായ പൊടി

കാൽ   ടീസ്പൂണ്‍ ഉലുവ പൊടി

 ഒക്കെ എടുത്തു വയ്ക്കുക ....

 [ കായവും , ഉലുവയും , എന്നൊക്കെ ആദ്യമായി കേൾക്കുവാണേൽ , പ്ലീസ്  പോയി അമ്മയോടോ , അതല്ല നിങ്ങടെ വീട്ടിൽ അച്ഛനാണ് അടുക്കളയിൽ  കയറുന്നതെങ്കിൽ  അച്ഛനോടും  ചോദിച്ചു മനസിലാക്കുക..]

ഒരു ടീസ്പൂണ്‍ വരത്തക്ക വിധം ഇഞ്ചിയും വെളുത്തുള്ളിയും , കൊത്തി അരിഞ്ഞതൊ , ചതച്ചതോ നേരത്തെ ഉണ്ടാക്കി വെച്ചാൽ അപ്പോൾ കിടന്നു കഷ്ടപ്പെടണ്ട

ഇനി രണ്ടു ടേബിൾ സ്പൂണ്‍ നല്ലെണ്ണ (പ്ലീസ്‌ നോട്ട് : വെളിച്ചെണ്ണ കറികൾക്കും , നല്ലെണ്ണ അച്ചാറിനും ) , ചൂടായ ചീന ചട്ടിയിൽ ഒഴിച്ച് , ചൂടാകുമ്പോൾ ( തൊട്ടു നോക്കാനൊന്നും പോയേക്കല്ലേ ..) കാൽ  ടീസ്പൂണ്‍ കടുക് ഇടുക ... അത് പൊട്ടി കഴിയുമ്പോൾ , രണ്ടു തണ്ട് കറിവേപ്പില കഴുകി , ഇടുക [സുക്ഷിച്ചു ഇടണം , എണ്ണ വല്ലതും മേല്തോട്ടു തെറിച്ചാൽ എന്നെ പറയരുത് കേട്ടോ....]

ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വെച്ചത് , ഇടുക ... അതൊന്നു മൂക്കുമ്പോൾ [ ഒരു ബ്രൌണ്‍ കളർ  ആകുമ്പോൾ എന്ന് അർത്ഥം കേട്ടോ ] അച്ചാർ പൊടി എടുത്തു വെച്ചത് ഇടുക ... അതൊന്നു എണ്ണയിൽ നനയുമ്പോൾ , ഉപ്പുപുരട്ടി വെച്ചിരിക്കുന്ന, മാങ്ങാ , വെള്ളത്തോടെ ഇട്ടു വയറ്റി , തീ ഓഫാക്കുക ...ഇനി ചൂടാറുമ്പോൾ കുപ്പി പാത്രത്തിൽ  ആക്കി , അടച്ചു വയ്ക്കുക , ഫ്രിഡ്ജിൽ സൂക്ഷിക്കുക ... ഇഷ്ടം പോലെ തൊട്ടു നക്കാം ;)

Wednesday, July 3, 2013

കർത്താവിനു ഒരു ലീവ് ലെറ്റർ

ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

ഇന്ന് ദുക് റാനാ .... കടമുള്ള ദിവസമാണ്... പള്ളിയിൽ  പോകണം ... ,  അഞ്ചു മണിക്ക് എണീക്കണം ... , ഓഫീസിലും പോകണം ... അപ്പോൾ എന്ത് ചെയ്യാനാ ? .... കർത്താവിനോടു  തന്നെ കാര്യം പറയാം എന്ന് കരുതി ...

എന്റെ കർത്താവെ, രാവിലെ പള്ളിലോക്കെ വന്നിട്ട് , ഇനി എപ്പോ ... ഞാൻ കഞ്ഞീം കറിയും ഉണ്ടാക്കി ഓഫീസിൽ പോകാനാ?.... കർത്താവിനോടു  പറഞ്ഞാ പിന്നേം മനസിലാകും ... ഓഫീസിൽ  പറഞ്ഞാ ഇത് വല്ലതും നടക്കുമോ? അല്ലേൽ  തന്നേ, കൊച്ചിനെ സ്കൂളിൽ ആക്കി , ഓഫീസിൽ എത്തുമ്പോൾ ഒരു നേരമാകും ...

പിന്നെ ഇനി ഇതെല്ലാം മാറ്റി വെച്ചിട്ട് പള്ളിയിൽ വന്നിട്ടും കാര്യം ഒന്നുമില്ല ... ഇപ്പോൾ ഒക്കെ  പള്ളിയില വന്നാൽ അങ്ങോട്ട്‌ ശ്രദ്ധിക്കാൻ പറ്റുന്നില്ല ... പിന്നെ മുടിഞ്ഞ ഉറക്കം തൂങ്ങലും ... ഇതിലും ഭേദം ഞാൻ വരാതിരിക്കുന്നതല്ലേ ... വെറുതെ മറ്റുളവർക്ക് ഒരു ഒതപ്പിനു , കാരണം ആകെണ്ടലോ ...

പണ്ടൊക്കെ , പള്ളിയിൽ  വന്നാൽ ഏറ്റവും മുന്നിൽ . നിന്നിരുന്ന ഞാൻ , വലുതാകും തോറും , പുറകോട്ടു ആയി നിൽപ്പ് ... അങ്ങനെ കുർബാന  ഒക്കെ വിട്ടിട്ടു , ഇപ്പോൾ  ആളുകൾ  ഇടുന്ന ഡ്രസ്സ്‌ ആയി സെൻറർ  ഓഫ് അറ്റ്രാക്ഷൻ ....

പിന്നെ ഇപ്പോഴത്തെ അച്ചൻമാരുടെ പ്രസംഗവും അത്ര പോരാ... അവർ അമേരിക്കയിലും ഫ്രാൻസിലും പോയ പൊങ്ങച്ചം കേട്ട്  മടുത്തു.... ഇടയ്ക്ക് എങ്ങാനും ഒരു നല്ല പ്രസംഗം കേട്ടാലായി ......

അപ്പൊ പറഞ്ഞു വന്നത് ഇതാണ്... ഇപ്രാവശ്യത്തേക്ക്  ക്ഷമിക്ക് .... ഞാൻ കുമ്പസാരത്തിൽ പറഞ്ഞു  കൊള്ളാം .....

ഒക്കെ അല്ലെ ?

Saturday, June 29, 2013

ബിഗ്‌ ബസാർ തട്ടിപ്പ്

ഞങ്ങൾ സ്ഥിരം ബിഗ്‌ ബസാറിൽ നിന്നും പലചരക്കു വാങ്ങുന്നവരാണ് . ഒരുമിച്ചു വാങ്ങുമ്പോൾ സാധാരണ വില വിവരം നോക്കാറില്ല .. മുളകും മല്ലിയും പൊടിയായി ആണ് സാധാരണ വാങ്ങാറ് . ഇന്ന് എനിക്ക് തോന്നി മുളകും മല്ലിയും വാങ്ങി പൊടിക്കാം എന്ന് ...

നേരെ പോയി ഒന്നര കിലോ മുളകും മല്ലിയും വാങ്ങി , 578  രൂപ ; കാശും കൊടുത്തു പോന്നു , ഞാൻ സാധാരണ പൊടി വാങ്ങുന്നത് കൊണ്ടും , ഇതിന്റെ ഒന്നും വില അറിയാത്തത് കൊണ്ടും ഞാൻ കരുതി , നല്ല സാധനത്തിനു ഇത്രേം വില ആകും എന്ന് ...


വീട്ടിൽ എത്തി , അമ്മയോട് പറഞ്ഞു ഇത്രേം കാശ് ആയി ... എങ്ങനെ ആണ് ഉണക്കി പൊടിക്കേണ്ടത്  എന്ന് അന്വേഷിച്ചു ,അപ്പൊ അമ്മ തലയിൽ കൈവെച്ചു പറഞ്ഞു ... ഇത്രേം നാളായിട്ടും , നീ മണ്ടത്തരം കാണിക്കുന്നത് മതിയാക്കിയില്ലേ എന്ന്? - "എടീ നിന്നെ അവർ പറ്റിച്ചു ; അകെ 78  രൂപ വിലയുള്ള സാധനത്തിനു നീ  250  രൂപ കൊടുത്തു... പോയി അന്വേഷിക്കു..."

ബില്ലിൽ കണ്ട നമ്പരിൽ ഞാൻ വിളിയോട് വിളി ... എവിടെ ആരു ഫോണ്‍ എടുക്കാൻ? അവസാനം ഞാൻ പിന്നേം പോയി... അവരോട് ചോദിക്കുന്നതിനു മുൻപ് ബില്ലടിച്ചവർക്ക് തെറ്റ് പറ്റിയതാണോ എന്ന് അറിയണമല്ലോ .... അത് കൊണ്ട് ചെന്ന് ,

അവിടെ എഴുതി വെച്ചിട്ടുണ്ട്  250 എന്ന് , എഫ് ബി വില : 242 ( എന്തൊരു ഔദാര്യം ...) എന്നാലും ഒന്ന് ഉറപ്പിക്കാൻ ഞാൻ വില അന്വേഷിച്ചു... ; അടുത്ത് നിന്ന ഒരമ്മച്ചി പറഞ്ഞു 250 ... എത്ര സിമ്പിൾ ... ഒരു കിലോ പായ്ക്ക് ചെയ്യാൻ അവർ ആ പയ്യനോട് പറയുന്നു...

ഒടുവിൽ സൈൽസ് മാനും പറഞ്ഞു 250 .... ഞാൻ വീട്ടിൽ വിളിച്ചു... കാര്യം പറഞ്ഞു...

ശരിക്കും തെറ്റുകാരി ഞാൻ തന്നെ ആണ്‌... വില നോക്കാതെ വാങ്ങാൻ പോയിട്ടല്ലേ ... നോക്കിം കണ്ടും ചെയ്തില്ലേ ഇങ്ങനിരിക്കും ..... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പെട്രോൾ പോയത് മിച്ചം...

വീട്ടിൽ വന്നപ്പോൾ അമ്മ, പത്രത്തിലെ വില വിവര പട്ടിക എടുത്തു കാണിച്ചു... ഞാൻ ഞെട്ടി... അതിൽ കാണുന്നതിലും എത്ര ഇരട്ടി ആണ് വില..? 78  - 103  രൂപ വില വരുന്ന മുളകിന് 250 രൂപ , കുറഞ്ഞതിനു 130 രൂപ ... മല്ലിയുടെ കാര്യവും വ്യത്യസ്തം അല്ല... അപ്പോൾ അരിയുടെയും , പഞ്ചാരയുടെയും ഒക്കെ വില എങ്ങനെ ആയിരിക്കും?

ഇനി എന്തായാലും ഞാൻ വില നോക്കിയിട്ടേ വാങ്ങൂ... പണ്ടേ പച്ചകറി, സവാള എന്നിവയുടെ വില ബിഗ്‌ ബസാറിൽ കത്തിയാണ് എന്നറിയാമായിരുന്നു.... എന്നാലും ഇതൊക്കെ കത്തിയാന്നു കരുതിയില്ല.....

അവരുടെ മോട്ടോ തന്നെ നോബടി സെൽസ് ചീപെർ ആൻഡ്‌ ബെറ്റർ എന്നല്ലേ... എന്നാലും ഇത്ര നന്നായി വില കൂട്ടി വിൽക്കാൻ ഉള്ള കഴിവ് അവർക്കെ ഉള്ളു...

ഇത് നിങ്ങളുടെ അറിവിലേക്ക്... പറ്റിക്കപെടാതിരിക്കാൻ , എന്റെ വക ഒരു എളിയ കുറിപ്പ്....


Sunday, June 16, 2013

എന്നെ കെയർ ചെയ്യാൻ ഒരാൾ.....

ഈ  ഇടയ്ക്ക് ഒരു വാചകം ശ്രദ്ധയിൽ പെട്ടു ....

 " ഐ അം നോട്ട് ലൂക്കിംഗ്  ഫോർ സംവണ്ണ്‍ ഹു ഹാസ്‌ എവെരി തിങ്ങ് ; ബട്ട്‌ സംവണ്ണ്‍ ഹു ഹാസ്‌ ടൈം റ്റു സ്പെന്റ്റ് വിത്ത്‌ മീ മോർ ദാൻ എനിതിങ്ങ് "
 

ഒരു ആൾ തന്റെ സങ്കടം , ദേഷ്യം എല്ലാം ഇതിൽ പറഞ്ഞു വയ്ക്കുന്നു .... മിക്കവാറും പ്രണയത്തിന്റെ /  ഇഷ്ടത്തിന്റെ  ആദ്യ ദിനങ്ങളിൽ ഒരാൾ അല്പം ഒന്ന് ശ്രദ്ധ കൊടുക്കാതിരുന്നാൽ മറ്റേ ആളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഡയലോഗ്....

അന്നേരത്തെ ഫീലിംഗ് എല്ലാം തകർന്നു പോകുന്നത് പോലാവും.... ഒരു തരം പോസ്സെസ്സിവ്നെസ്... പക്ഷെ അവർ അറിയുന്നില്ലലോ .... ഈ കേയറിങ്ങും മറ്റും എല്ലാം ... ഓരോ ബന്ധങ്ങളുടെയും .... ആരംഭത്തിൽ കിട്ടുന്നത് തന്നെ ... പിന്നെ അത് പ്രതീക്ഷിക്കുന്നത്.... മണ്ടത്തരം അല്ലെ ?

ഒന്നും വേണ്ട... അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തന്നെ നോക്കുക.... ജനിച്ചു വീണു.... അമ്മിഞ്ഞ കൊടുത്തു .... വളർത്തുന്ന .... കുഞ്ഞിനോട് പോലും ഉള്ള ഇന്റിമസി.... വളരും തോറും ഉണ്ടാവാറുണ്ടോ ..... ആദ്യം ഉണ്ടായിരുന്ന പോലത്തെ കേയറിങ്ങും മറ്റും , വളരുമ്പോൾ ഒരാൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥം  ഉണ്ടോ?

അത് പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.... നമ്മളെ എല്ലാവരും കെയർ  ചെയ്യണം , നമ്മുക്ക് വേണ്ടി സമയം മാറ്റി വയ്ക്കണം എന്നൊക്കെ പറയാൻ നമ്മൾ ആരാണ്?... അങ്ങനെ ഒരാൾ ആവശ്യപെട്ടാൽ , നമ്മൾ സമയം മാറ്റി വയ്ക്കുന്നുണ്ടോ....?

നമ്മളെ നന്നായി അറിയാവുന്ന ആൾ നമ്മൾ തന്നെയാണ് .... മറ്റൊരാൾ  അല്ല നമ്മൾ തന്നെ ആണ് , നമ്മൾക്ക് വേണ്ടി സമയം മാറ്റി വയ്ക്കേണ്ടത്.

Saturday, June 15, 2013

ഫേസ് ബുക്കിലെ അമ്മാവൻ ....

ഫേസ് ബുക്ക്‌ എനിക്കൊരു വീക്നെസ് ആണ് ... രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഹാജർ വൈക്കണം എന്നത്,  എന്റെ  ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ... പിന്നെ രണ്ട് മണിക്കൂർ ഇടവിട്ട്‌ മൊബൈൽ വ ഴി നോക്കുന്നത് ഞാൻ കൂട്ടിയിട്ടില്ല കേട്ടോ ....

ഇതിനെ ഒക്കെ "അടിമയായി പോയി" എന്നൊക്കെ പറയാമോ എന്തോ ...?

കണ്ടു പരിചയം ഉള്ളവരെ പോലും ഫേസ് ബുക്കിൽ കണ്ടാൽ ഞാൻ ചെന്ന് കണ്ടു ഫ്രണ്ട് ആക്കും.. അതിനു ഈ ഇടയ്ക്ക് എനിക്ക് ചെറിയ ഒരടി കിട്ടി... അതാണ് പറഞ്ഞു വരുന്നത്.....

ഒരു ഉച്ച സമയം , ഊണൊക്കെ കഴിഞ്ഞു...., പതിവുപോലെ മൊബൈൽ എടുത്തു.... വിരല് വെച്ച് തള്ളികൊണ്ടിരിക്കുമ്പോൾ ഒരു പേജ് അപ്ഡേറ്റ് കണ്ടു ഞാൻ ആ വഴി പോയി ....

നോക്കുമ്പോൾ പരിചയം ഉള്ള ഒരു അമ്മാവൻ ....   ഒന്ന് രണ്ടു പ്രാവശ്യം അച്ഛന്റെ കൂടെ കണ്ടിട്ടൊണ്ടു ... ചിരിച്ചിട്ടുണ്ട്... അത്ര തന്നെ പരിചയം.... അമ്മാവൻ  എന്ന് പറയുമ്പോൾ ഒരു പത്തു - അമ്പതു വയസു വരും... ങ്ഹാ അങ്ങനെ വിട്ടാൽ പറ്റത്തിലാലോ ... കൊടുത്തു ഒരു ഫ്രണ്ട് റിക്വസ്റ്റ്......

വൈകിട്ട് ചായ കഴി ഞ്ഞു നോക്കുമ്പോൾ ദാണ്ടെ കിടക്കുന്നു അമ്മാവന്റെ റിക്വസ്റ്റ് സ്വീകരിച്ച നൊട്ടിഫിക്കഷൻ .... ഹം ഞാൻ വിചാരിച്ചു... ഇത്രേം ടെക്നോ സാവി  ആയ അമ്മാവനോ?.....

ഞാൻ മൊബൈൽ താെ ഴ വെക്കാൻ പോകാർ ആയപോൾ... ദാ  വരുന്നു ഒരു മെസ്സേജ്....

അമ്മാവൻ : "ഹായ് ഹൌ ആർ  യു ?,  എന്നെ അറിയുമോ ? എവിടെയാണ് വീട് ?"

എനിക്ക് മനസിലായി , അമ്മാവന് എന്നെ മനസിലായില്ല എന്ന്...

ഞാൻ : " ഞാൻ , കോട്ടയ്ക്കൽ സക്കറിയ യുടെ മകൾ ട്രീസ ആണ്...ഞാൻ ഇവിടെ പ്രശാന്ത് നഗറിൽ തന്നെ യാണ് താമസം ....  ഞാൻ സാറിനെ പള്ളിയിൽ  വച്ച് കണ്ടിട്ടുണ്ട്...  സാറിന് എന്നെ മനസ്സിലായോ ? "

മനസ്സിലായ ലക്ഷണം ഇല്ല...

അമ്മാവൻ : " എന്ത് ചെയ്യുന്നു?"
ഞാൻ : " ടെക് നോപാർകിൽ .... "

അമ്മാവൻ  : " ഇനി കാണുമ്പോൾ പരിചയപെടാം..."
ഞാൻ : "ഓക്കേ ബൈ "

അന്ന് അവിടെ തീര്ന്നു..

പിറ്റേന്ന് മുതൽ , മാതാവിന്റെയും കർത്താവിന്റെയും  ഒക്കെ പടങ്ങൾ മെസ്സേജ് അയക്കാൻ തുടങ്ങി അങ്ങേർ ...

ഞാൻ മൈൻഡ് ചെയ്തില്ല...

പിറ്റേന്ന് അമ്മാവൻ : "ഹേ  ട്രീസ,  മോൾക്കും , ഹസബന്റിനും , മക്കൾ കും എല്ലാം സുഖം അല്ലെ?... വെല്ലപ്പോളും  ഒക്കെ മെസ്സേജ് അയക്കണം കേട്ടോ പ്ലീസ് ....."

ആ പ്ലീസ്  എനിക്കത്ര ദഹിച്ചില്ല .... ഞാൻ ഒന്നും മിണ്ടിയിലാ

പിന്നെയും പടങ്ങൾ മെസ്സേജ് അയക്കാൻ തുടങ്ങി അങ്ങേർ ...

ഒന്ന് നിർത്താൻ  വേണ്ടി ഞാൻ പറഞ്ഞു 
" യേസ്  എവെരിബെഡി  ഡൂയിംഗ്  ഗുഡ്. "

അമ്മാവൻ : " കുട്ടികൾ ഒക്കെ ഉണ്ടോ , എന്തുചെയ്യുന്നു ? എനിക്ക് അറിയാൻ വയ്യല്ലോ അതൂണ്ടു ചോദിച്ചതാണ് ട്ടോ ....."
ഈ ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ? മകൾ ഉണ്ടെന്നു ഫേസ് ബുക്കിൽ നിന്ന് അറിഞ്ഞിട്ടാണ് ഈ ചോദ്യം...

ആ ഇട്ടോയും  എനിക്കത്ര പിടിച്ചില്ല സൊ .... ഞാൻ പറഞ്ഞു ...
" 1 ചിൽഡ് , സ്റ്റഡി യിംഗ്  അറ്റ്‌  യു കെ ജി "

അമ്മാവൻ : " ഓക്കേ ഹസ്ബന്റ് എന്ത് ചെയ്യുന്നു ?"
ഞാൻ : " അറ്റ്‌ ടെക് നോപാർക്ക് ഇറ്റ്സെൽഫ് " - ഞാൻ ഇംഗ്ലീഷ് വിട്ടില്ല ....


അമ്മാവൻ : "ഇപ്പോൾ വീട്ടില് ഉണ്ടോ?...എനിക്ക് പരിചയപെടുത്തി തരണം കേട്ടോ... "
ഞാൻ ഒന്നും മിണ്ടിയില്ല... രാത്രി 9 നാണു ഈ ചോദ്യം ....

അമ്മാവൻ : "നിങ്ങൾ ഒറ്റയ്ക്കാണോ താമസിക്കുന്നത്?"
ഞാൻ : "അല്ല "

അമ്മാവൻ : "മോളുടെ കുട്ടി ഗേൾ ആണോ?"
ഞാൻ : "യെ സ് , മരിയ ..."

അമ്മാവൻ : " എന്താ വീട്ടിൽ വിളിക്കുനത്‌ ?"
ഞാൻ  ഒന്നും പറഞ്ഞില്ല ....

അമ്മാവൻ : "മരിയ കുസൃതി ആണോ?"
ഹോ സഹികെട്ട്... ഇതൊനോക്കെ എന്താ പറയേണ്ടത്...?

അമ്മാവൻ : "ചോറുണ്ടോ , മോളേ ..............?"

ഇല്ലേൽ എന്താ വാരിതരുമോ? ഇത്ര അറ്റം വരെയൊക്കെ ഒരു പരിചയവും ഇല്ലാത്ത ഒരാൾ ചോദിച്ചു വരേണ്ടതോണ്ടോ?... അല്ല.. ഞാൻ എന്തിനാ ഈ കിന്നാരം ഒക്കെ കേട്ടോണ്ടും , മറുപടി പറഞ്ഞോ ണ്ടും  ഇരിക്കുന്നത്....?

എന്റെ മറുപടിയൊന്നും കാണാഞ്ഞിട്ട്‌ ...
അമ്മാവൻ : " ഇയാൾക്ക് അരിശം വരുന്നുണ്ടോ?... സൊറിട്ടൊ...ഞാൻ അങ്ങനെയാണ്? സാരമില്ല സോറി... ഗുഡ് നൈറ്റ്‌ .... സ്വീറ്റ് ഡ്രീംസ്‌....? ബൈ സീ യു ????"

ആര്ക്ക് സാരമില്ല എന്ന്?... ഇങ്ങേർക്ക് എന്തിന്റെ കേടാണ്....
അല്ല എന്നെ പറഞ്ഞാൽ മതിയല്ലോ... വഴിയെ പോയ വയ്യ വേലിയേ  എടുത്തു തോളത്തു  ഇട്ടതു ഞാൻ തന്നെ അല്ലെ?..

 ഇത്രേം പ്രായമുള്ളതു കൊണ്ടും ... ഇത്തിരി പരിചയം ഉള്ളത് കൊണ്ടും ഞാൻ ഒന്നും പറയാതിരിക്കുന്നത്.... ഇതിനെ പൈങ്കിളി  എന്നൊനും പറയാൻ ഒക്കില്ല എന്നാലും...

പതുക്കനെ ഞാൻ അമ്മാവനെ അണ്‍-ഫ്രണ്ട് ചെയ്തു...

സ്വസ്ഥം....

അന്ന് ഞാൻ ഒരു തീരുമാനം എടുത്തു... ഇനി മേലാൽ അടുത്ത് പരിചയം ഇല്ലാത്ത ഒരാളെയും ഞാൻ ഫ്രണ്ട് ആക്കിലാ... ഇത് സത്യം സത്യം സത്യം ......
 

കൃഷ്ണൻ കുട്ടി പണി ചെയ്യുകയാണ് ...


പറഞ്ഞു വരുന്നത്  നമ്മുടെ   കൃഷ്ണൻ കുട്ടി ചേട്ടനെ പറ്റിയാണ് .. ഓഫീസിലെ ഒരു സീനിയർ എമ്പ്ലോയീ ആണ്‌ ... ഇതാണ് പുള്ളിയുടെ ഒരു ദിവസത്തെ ഓഫീസിലെ  ദിന ചര്യ ...

ഓഫീസി ടൈം 9 ആണേലും ചേട്ടൻ എത്തുമ്പോൾ 10 മണിയാകും ... എന്ത് ചെയ്യാൻ ? പ്രാരാബ്ധങ്ങൾ .... , കുറ്റം പറയാൻ ഒക്കില്ല നമ്മളും അങ്ങനൊക്കെ തന്നെ... എച് ആറിന്റെ ചോദ്യ ചിന്ഹം പോലുള്ള മോഹത്തെക്ക് ഒരു വളിച്ച ചിരി പകര്ന്നു കൊണ്ട്... സീറ്റിലെക്കു...

ഓ സോറി ആദ്യം റസ്റ്റ്‌ റൂമിലേക്ക്‌... യാത്ര ചെയ്തു വന്നതല്ലേ ? ഒന്ന് ഫ്രഷ്‌ ആയി, മുടിയൊക്കെ ചീകി ഇറങ്ങും... ഒന്നുമില്ലേ, 4 ഗേൾസ്  കാണാൻ ഉള്ളതല്ലേ?

സി പി യുവിൽ ഒന്ന് തൊട്ടു നമസ്കരിച്ചു... സിസ്റ്റം ഓണ്‍ ചെയ്യും ...  മെയിൽ ഡൌണ്‍ലോഡ് ചെയ്യുന്ന സമയം കൊണ്ട് - മലയാള മനോരമ, ദീപിക മാതൃഭൂമി , മംഗളം ... തുടങ്ങിയ  ഒരുമാതിരി എല്ലാ ഇ-പേപ്പറും ഒന്ന് കവർ ചെയ്തിരിക്കും...

മേയിലിനൊക്കെ മറുപടി അയച്ചു... ടീം മീറ്റിങ്ങും കഴി ഞ്ഞു .... പണി തുടങ്ങാറാകുമ്പോൾ  സമയം 12  ...  എന്നാലിനി ലഞ്ച്  കഴിഞ്ഞകാം .... നേരെ ബസ്‌ സ്റ്റോപ്പ്‌ ഇലേക്ക് .... ടെക് എക്സ്പ്രസ്സ്‌ വരാറായിട്ടുണ്ടാകും ... ലഞ്ച് കഴിഞ്ഞു തിരികെ സീറ്റിൽ എത്തുമ്പോൾ മണി  2 ..

ഡിസ്കഷൻ , മീറ്റിങ്ങും പണിയുമോക്കെ തുടങ്ങി വരുമ്പോൾ ചായയുടെ സമയം ആകും... അത് കഴിഞ്ഞു സീറ്റിൽ എത്തുമ്പോൾ 5 മണി ; ഇനി യാണ് ശെരിക്കുള്ള പണി തുടങ്ങുനത്....

ഇനി ആര് വിളിച്ചാലും കേള്ക്കാത്ത പണിയാണ്... മരണ പണി... 7 അരയാകുമ്പോൾ ഡെയിലി റിപ്പോർട്ട്‌ ഇടുന്നതോടെ ഇന്നത്തെ പണി കഴിഞ്ഞു....

ഒരു ശരാശരി  ഐ ടി തോഴിലാളി ....


NB: ഇത് വായിക്കുമ്പോൾ ആരെയെങ്കിലും നിങ്ങള്ക്ക് ഓർമ വരുന്നുണ്ടെൽ അത് സ്വാഭാവികം മാത്രം ... 

Friday, June 14, 2013

ഗെറ്റ് സെറ്റ് ഗോ...

അപ്പൊ പതുക്കനെ തുടങ്ങാം.. കുറെ നാളായി, ബ്ലോഗണം ബ്ലോഗണം എന്ന് തോന്നി തുടങ്ങിയിട്ട് , ഒരു ധൈര്യം വന്നിലാ...

എന്തും വരട്ടെ... എന്ന് കരുതി ഇറങ്ങി തിരിച്ചു... ഇൻസ്പിരേഷൻ എന്നു ഒക്കെ പറയാൻ ഒന്നു രണ്ടു പേരെ കാണൂ .... എന്റെ സഹ വർക്കർ ,  എന്റെ അമ്മ...  എക്സ്ട്രാ എക്സ്ട്രാ ...

പിന്നെ എന്റെ പേടിയെന്തന്നു വെച്ചാൽ... എന്റെ ഒരു ചെയ്ത്‌ , അത് മിക്കവാറും വടി കൊടുത്തു അടി മേടിക്കുന്ന ഒരു സ്റ്റൈൽ ആണ് ...

അടിയൊക്കെ തരുമ്പോൾ ഒന്ന് പറഞ്ഞിട്ട് തരിക...

ഓക്കേ ദെൻ ലെറ്റ്‌ മി  സ്റ്റാർട്ട്‌....