Saturday, July 6, 2013

എന്നാൽ ഇത്തിരി കടു മാങ്ങാ അച്ചാർ ആകാം അല്ലെ?

എന്താ കടു മാങ്ങാ അച്ചാർ  എന്ന് ജന്മത്ത് കേട്ടട്ടിലാത്തത് പോലെ ?? അത് തന്നെ നമ്മടെ വീട്ടിലെ അച്ചാറിന്റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്.... ഒരു ചായ ഇടാൻ അറിയില്ലെലും , ഒരു അച്ചാർ ഇടാൻ അറിയാം എന്ന് പറയുന്നത് , ഇപോഴത്തെ കല്യാണ മാർക്കറ്റിൽ , ഒരു നല്ല ക്വാളിഫിക്കെഷ്ൻ ആണ് .

ഇനി കല്യാണത്തെ പറ്റി പറഞ്ഞത് ഇഷ്ടപെട്ടിലെങ്കിൽ പോട്ടെ സോറി .... പയ്യന് മാരായാൽ , ഇത്തിരി അച്ചാർ മേക്കിംഗ് അറിഞ്ഞിരിക്കുനത് നല്ലതാ ...  ഇൻ കേസ് ഭാര്യ ഉടക്കാണേൽ , അച്ചാർ കൂട്ടി ഊണ് കഴിക്കാം... ( അപ്പൊ നിങ്ങൾ ചോദിക്കും , കടയിൽ നിന്ന് അച്ചാർ മേടിച്ചാൽ പോരെ എന്ന്? അതൊക്കെ അഴുക്കാന്നു അറിയില്ലേ ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല വിവരം വേണം വിവരം )   ഒന്നുമില്ലേൽ നിങ്ങടെ വെള്ളമടിയുടെ സമയത്ത് ടച്ചിങ്ങ്സ്  ആയിട്ട്..... സ്വന്തമായിട്ട് ഉണ്ടാക്കിയ  ടച്ചിങ്ങ്സ് ഉപയോഗിക്കുന്നത്..... ശോ മുഖം മാറി... പോട്ടെ ഞാൻ വിഷമ്മിപ്പിക്കുന്നില്ല .....

എന്നാ പെണ്പിള്ളരുടെ കാര്യം എടുക്കാം... ഒരു അച്ചാർ ഒക്കെ ഉണ്ടാക്കാൻ അറിയുന്നത് നല്ലതാ , ഭർത്താവിനെ കൈയ്യിൽ എടുക്കാം (എടുത്തു പൊക്കാം എന്നല്ല ഉദേശിച്ചത്‌ ). സഹികെട്ടാൽ അമ്മായി അമ്മയുടെ കണ്ണിൽ  തേക്കാം (ആമേൻ സിനിമ കണ്ടില്ലേ ? അതുപോലെ )  .... ഇനി കല്യാണം കഴിച്ചില്ലേൽ ...മറ്റുള്ളവരുടെ മുൻപിൽ ഷൈൻ ചെയ്യാം ... ഇപ്പോൾ കല്യാണം കഴിഞ്ഞു 2 മക്കൾ ആയവർക്കു  പോലും അച്ചാർ ഉണ്ടാക്കാൻ "അരിയില്ല" എന്ന് പറയുമ്പോൾ , ഇതൊന്നു അറിഞ്ഞിരിക്കുന്നത് നല്ലതാ...


എന്നാ തുടങ്ങാം ....

കടയിലോ , അപ്പുറത്തെ പറമ്പിൽ നിന്നോ നല്ല പച്ച മാങ്ങാ.. ഒരു അരക്കിലോ

ചെറുതായിട്ട് അരിഞ്ഞു (കൈ അരിഞ്ഞ് ഇടാൻ ഇവിടെ നിഷ്കർഷിചിട്ടില്ല ) ആവശ്യത്തിനു ഉപ്പു പുരട്ടി , ഒരു 8 മണിക്കൂർ വെയ്ക്കണം...

ഇനി ,

ഒരു   ടീസ്പൂണ്‍  മുളക് പൊടി

കാൽ  ടീസ്പൂണ്‍  കായ പൊടി

കാൽ   ടീസ്പൂണ്‍ ഉലുവ പൊടി

 ഒക്കെ എടുത്തു വയ്ക്കുക ....

 [ കായവും , ഉലുവയും , എന്നൊക്കെ ആദ്യമായി കേൾക്കുവാണേൽ , പ്ലീസ്  പോയി അമ്മയോടോ , അതല്ല നിങ്ങടെ വീട്ടിൽ അച്ഛനാണ് അടുക്കളയിൽ  കയറുന്നതെങ്കിൽ  അച്ഛനോടും  ചോദിച്ചു മനസിലാക്കുക..]

ഒരു ടീസ്പൂണ്‍ വരത്തക്ക വിധം ഇഞ്ചിയും വെളുത്തുള്ളിയും , കൊത്തി അരിഞ്ഞതൊ , ചതച്ചതോ നേരത്തെ ഉണ്ടാക്കി വെച്ചാൽ അപ്പോൾ കിടന്നു കഷ്ടപ്പെടണ്ട

ഇനി രണ്ടു ടേബിൾ സ്പൂണ്‍ നല്ലെണ്ണ (പ്ലീസ്‌ നോട്ട് : വെളിച്ചെണ്ണ കറികൾക്കും , നല്ലെണ്ണ അച്ചാറിനും ) , ചൂടായ ചീന ചട്ടിയിൽ ഒഴിച്ച് , ചൂടാകുമ്പോൾ ( തൊട്ടു നോക്കാനൊന്നും പോയേക്കല്ലേ ..) കാൽ  ടീസ്പൂണ്‍ കടുക് ഇടുക ... അത് പൊട്ടി കഴിയുമ്പോൾ , രണ്ടു തണ്ട് കറിവേപ്പില കഴുകി , ഇടുക [സുക്ഷിച്ചു ഇടണം , എണ്ണ വല്ലതും മേല്തോട്ടു തെറിച്ചാൽ എന്നെ പറയരുത് കേട്ടോ....]

ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വെച്ചത് , ഇടുക ... അതൊന്നു മൂക്കുമ്പോൾ [ ഒരു ബ്രൌണ്‍ കളർ  ആകുമ്പോൾ എന്ന് അർത്ഥം കേട്ടോ ] അച്ചാർ പൊടി എടുത്തു വെച്ചത് ഇടുക ... അതൊന്നു എണ്ണയിൽ നനയുമ്പോൾ , ഉപ്പുപുരട്ടി വെച്ചിരിക്കുന്ന, മാങ്ങാ , വെള്ളത്തോടെ ഇട്ടു വയറ്റി , തീ ഓഫാക്കുക ...ഇനി ചൂടാറുമ്പോൾ കുപ്പി പാത്രത്തിൽ  ആക്കി , അടച്ചു വയ്ക്കുക , ഫ്രിഡ്ജിൽ സൂക്ഷിക്കുക ... ഇഷ്ടം പോലെ തൊട്ടു നക്കാം ;)

Wednesday, July 3, 2013

കർത്താവിനു ഒരു ലീവ് ലെറ്റർ

ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

ഇന്ന് ദുക് റാനാ .... കടമുള്ള ദിവസമാണ്... പള്ളിയിൽ  പോകണം ... ,  അഞ്ചു മണിക്ക് എണീക്കണം ... , ഓഫീസിലും പോകണം ... അപ്പോൾ എന്ത് ചെയ്യാനാ ? .... കർത്താവിനോടു  തന്നെ കാര്യം പറയാം എന്ന് കരുതി ...

എന്റെ കർത്താവെ, രാവിലെ പള്ളിലോക്കെ വന്നിട്ട് , ഇനി എപ്പോ ... ഞാൻ കഞ്ഞീം കറിയും ഉണ്ടാക്കി ഓഫീസിൽ പോകാനാ?.... കർത്താവിനോടു  പറഞ്ഞാ പിന്നേം മനസിലാകും ... ഓഫീസിൽ  പറഞ്ഞാ ഇത് വല്ലതും നടക്കുമോ? അല്ലേൽ  തന്നേ, കൊച്ചിനെ സ്കൂളിൽ ആക്കി , ഓഫീസിൽ എത്തുമ്പോൾ ഒരു നേരമാകും ...

പിന്നെ ഇനി ഇതെല്ലാം മാറ്റി വെച്ചിട്ട് പള്ളിയിൽ വന്നിട്ടും കാര്യം ഒന്നുമില്ല ... ഇപ്പോൾ ഒക്കെ  പള്ളിയില വന്നാൽ അങ്ങോട്ട്‌ ശ്രദ്ധിക്കാൻ പറ്റുന്നില്ല ... പിന്നെ മുടിഞ്ഞ ഉറക്കം തൂങ്ങലും ... ഇതിലും ഭേദം ഞാൻ വരാതിരിക്കുന്നതല്ലേ ... വെറുതെ മറ്റുളവർക്ക് ഒരു ഒതപ്പിനു , കാരണം ആകെണ്ടലോ ...

പണ്ടൊക്കെ , പള്ളിയിൽ  വന്നാൽ ഏറ്റവും മുന്നിൽ . നിന്നിരുന്ന ഞാൻ , വലുതാകും തോറും , പുറകോട്ടു ആയി നിൽപ്പ് ... അങ്ങനെ കുർബാന  ഒക്കെ വിട്ടിട്ടു , ഇപ്പോൾ  ആളുകൾ  ഇടുന്ന ഡ്രസ്സ്‌ ആയി സെൻറർ  ഓഫ് അറ്റ്രാക്ഷൻ ....

പിന്നെ ഇപ്പോഴത്തെ അച്ചൻമാരുടെ പ്രസംഗവും അത്ര പോരാ... അവർ അമേരിക്കയിലും ഫ്രാൻസിലും പോയ പൊങ്ങച്ചം കേട്ട്  മടുത്തു.... ഇടയ്ക്ക് എങ്ങാനും ഒരു നല്ല പ്രസംഗം കേട്ടാലായി ......

അപ്പൊ പറഞ്ഞു വന്നത് ഇതാണ്... ഇപ്രാവശ്യത്തേക്ക്  ക്ഷമിക്ക് .... ഞാൻ കുമ്പസാരത്തിൽ പറഞ്ഞു  കൊള്ളാം .....

ഒക്കെ അല്ലെ ?