എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം... ആറിലോ എഴിലോ പഠിക്കുന്ന സമയം, വീട്ടിൽ പാട്ടൊക്കെ ഹൈ വോളിയത്തിൽ വെച്ചു ചാടിത്തുള്ളി നടക്കുന്ന എന്നെ അമ്മച്ചി ഇടയ്ക്കിടയ്ക്ക് ഉപദേശിക്കും... പെൺകുട്ടികൾ നടക്കുമ്പോൾ ഭൂമി അറിയാൻ പാടില്ല എന്ന്... ഉച്ചത്തിൽ കൂവുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണം അല്ല....
ഇങ്ങനെയൊക്കെ അമ്മ പറഞ്ഞെങ്കിലും, അങ്ങനെ കർശനമായി ഒരു നിയമവോ, ആണപെൺ വേർതിരിവോ വീട്ടിൽ ഇല്ലായിരുന്നു, ഇതൊന്നും അടിച്ചേല്പിക്കാൻ അമ്മ ശ്രമിച്ചിട്ടുമില്ല.... അമ്മയുടെ അമ്മയും മറ്റും പറഞ്ഞത്, എന്നോട് പറഞ്ഞിരുന്നു എന്നു മാത്രം....
അതുപോലെ പെൺകുട്ടികൾ കാലുമേൽ കാല് കേറ്റി വെയ്ക്കരുത്, അടക്കം വേണം ഒതുക്കം വേണം എന്നീ വക ഡയലോഗ് കൾ ആന്റി മാരുടെ വകയും ഉണ്ടായിരുന്നു....
ഒന്ന് ആലോചിച്ചു നോക്കിക്കേ..... ഈ 'കുലസ്ത്രീ ' പാരമ്പര്യം സ്ത്രീകളുടെ മനസ്സിൽ കുത്തി വെയ്ക്കുന്നത് സ്ത്രീകൾ തന്നെ അല്ലേ?
എന്റെ അപ്പനും അമ്മയും അൽപ്പസ്വൽപ്പം പുരോഗമന വാദികൾ ആയിരുന്നെകിലും, ( അമ്മ നല്ല രീതിയിൽ എനിക്കു സപ്പോർട്ട് തന്നിരുന്നു... വണ്ടി പഠിക്കാൻ, ആരേലും ഇങ്ങോട്ട് വഴക്കിനു വന്നാൽ തിരിച്ചു പറയാൻ, പുതിയ കാര്യങ്ങൾ ട്രൈ ചെയ്യാൻ ഒക്കെ കട്ട സപ്പോർട്ട് ആയിരുന്നു ) സമൂഹം എന്ന് ഒരു പാര കിടപ്പുണ്ട്....
2004 ഇൽ എനിക്കു വീട്ടിൽ നിന്നും ഏതാണ്ട് 15 km മാറിയൊരു സ്ഥലത്തു ജോലി കിട്ടി... 6 മണിക്ക് ഇറങ്ങി, ബസ്സിൽ വന്നാലും, സ്കൂട്ടിയിൽ വന്നാലും സമയം രാത്രി 7-7:30 ആകും വീടെത്തുമ്പോൾ....
'നാട്ടുകാർ എന്ത് പറയും', എന്ന ഒറ്റ കാരണം കൊണ്ട് എന്നോട് ജോലി രാജി വെയ്ക്കാൻ പറഞ്ഞിട്ടുണ്ട് എന്റെ അമ്മച്ചി ... (കാരണം നാട്ടുകാരുടെ ഇൻഫ്ലുൻസ്/കുത്തി കുത്തി ഉള്ള ചോദ്യങ്ങൾ അത്രേയ്ക്ക് ഉണ്ടായിരുന്നു.... ) അതിനു കാരണം എന്താന്നു വെച്ചാൽ, കല്യാണ ആലോചനകൾ വരുമ്പോൾ, നാട്ടുകാര് വേണ്ടാത്തത് പറയും, ആ പെണ്ണ് തോന്നുമ്പോൾ ആണ് വീട്ടിൽ വന്നു കേറുന്നത്... എന്തോ ജോലിയാണോ എന്തോ.... സോഫ്റ്റ്‌വെയർ ന്നോ ഐ ടി എന്നോ എന്തൊക്കെയോ ആണ് പറയുന്നത്, ബാങ്ക് ജോലിക്കാർ പോലും 5 മണിയാകുമ്പോൾ വീടെത്തുമല്ലോ , ഇതെന്തോന്നു പണിയാ, നേരവും കാലവും ഇല്ലാത്ത ഒരു ജോലി....
കല്യാണം കഴിയുന്നത് 2008 ഇൽ... ആ നാല് വർഷം, ആ ജോലിയിൽ ഉള്ള ടെൻഷനെ ക്കാൾ, കൂടുതൽ ടെൻഷൻ, വൈകിട്ട് ആകുമ്പോൾ, അമ്മച്ചിയോടു ഇന്ന് ഇത്തിരി താമസിക്കും, മീറ്റിംഗ് ഉണ്ട് എന്ന് വിളിച്ചു പറയുക ആയിരുന്നു.... അമ്മച്ചി ടെൻഷൻ അടിച്ചതിനു കാരണം ഉണ്ടായിരുന്നു...അതുപോലത്തെ ചോദ്യങ്ങൾ ആണ് എല്ലാരും ചോദിച്ചുകൊണ്ടിരുന്നത്...... ഈ നാട്ടുകാര് കാരണം, എന്നെ കെട്ടാൻ ഒരുത്തനും വരില്ലലോ എന്ന ആധി ... 😒
കല്യാണം കഴിഞ്ഞതും കഥ മാറി... ഇനി നീ ഏതു പാതിരയ്ക്ക് വന്നാലും പ്രശ്നം ഇല്ലെന്നായി.... കാരണം കെട്ടു കഴിഞ്ഞല്ലോ.... 😜 അപ്പോൾ ആരാണ് നമ്മുടെ ജീവിതത്തിന്റെ ഗതി തീരുമാനിക്കുന്നത് എന്ന് മനസിലായോ...? നാട്ടുകാർ 🤨
ഈ നാട്ടുകാർ എന്നാൽ ആരാണെന്ന് ഞാൻ ഒന്ന് വ്യക്തമാക്കാം, എന്റെ അമ്മയുടെ അടുത്തു, അപ്പുറത്തെ വീട്ടിലെ അങ്കിളോ, ചേട്ടനോ ഒന്നും വന്നു മോളെന്താ രാത്രി വൈകി വരുന്നത് എന്ന് ചോദിക്കാറില്ല... അതു ചോദിക്കുന്നത്.... ഇപ്പുറത്തെ വീട്ടിലെ ചേച്ചിയും, അപ്പുറത്ത് വീട്ടിലെ അമ്മായിയും ഒക്കെ ആണ്, അവർക്കു വേണ്ടി ആണ് എന്നോട് അമ്മ ജോലി കളയാൻ പറഞ്ഞത്, അവരുടെ കുത്തി കുത്തി ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കാൻ പറ്റാതെ സഹികെട്ടാണ് നീ വീട്ടിലിരുന്നാൽ പ്രശ്നം തീരുമെന്ന് പറഞ്ഞത്....
ഇപ്പോൾ കാലം മാറി, പെൺകുട്ടികൾ ജോലിക്ക് പോകുന്നതോ, രാത്രി വൈകി വരുന്നതോ ഒന്നും വലിയ വിഷയം അല്ല.... കാരണം മിക്ക ജോലികളുടെയും സ്വഭാവം മാറി... പണ്ടു പറഞ്ഞ ബാങ്ക് ജീവനക്കാർ പോലും വൈകി എത്താൻ തുടങ്ങി.... അപ്പോൾ നാട്ടുകാർ അല്ലേൽ സമൂഹം 'ഇത്തിരി വിഷമിച്ചാണെലും ' അതു അംഗീകരിച്ചു തുടങ്ങി....
ഇപ്പോൾ മിക്കവാറും പെൺകുട്ടികൾ ഒരു ജോലി, ജോലിയിൽ തന്നെ അവർ ഉദ്ദേശിക്കുന്നത് ഒരു സ്ഥാനം, അല്ലേൽ സ്വന്തമായി ഒരു ബിസിനെസ്സ് ഒക്കെ പടുത്തു ഉയർത്തി, അതിനു ശേഷം വിവാഹം എന്ന് തീരുമാനിച്ചു മുന്നോട്ടു പോകുന്നവർ ആയിരിക്കും.... കാരണം വിവാഹശേഷം, നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല, തീരുമാനം എടുക്കൽ പോലും 'വീട്ടിൽ ആലോചിക്കേണ്ടി ' വരും... അതുകൊണ്ട് തന്നെ ഒരു നിലയ്ക്കെത്തി, സ്വന്തമായി ഒരു വോയിസ് ഒക്കെ ഉണ്ടായിട്ടു കല്യാണം കഴിക്കുന്നതായിരുക്കും നല്ലത് എന്ന ചിന്ത മിക്കവർക്കും വന്നു തുടങ്ങി.....
പക്ഷെ ഈ സൊ കോൾഡ് അമ്മായി - ആന്റി സമൂഹം ആണ് അതിനു പുതിയ അർഥങ്ങൾ കൊണ്ട് വരുന്നത്.... , അയ്യോ മോൾക്ക് ചെക്കനെ കിട്ടാനില്ലേ? 25 കഴിഞ്ഞല്ലോ, 30 കഴിഞ്ഞല്ലോ....മാട്രിമോണിയിൽ ഒന്നും കൊടുത്തില്ലേ? കെട്ടിക്കാതെ നിർത്തിയേക്കുവാ അല്ലേ...? മോൾക്ക് വെല്ല ലൈനും ഉണ്ടോ...? ശോ കഷ്ടം..., ഞാൻ പ്രാർത്ഥിക്കമേ.. എന്നൊക്കെ ഉള്ള കുത്തലും കരുതലും കൊണ്ട് ആ കുട്ടികളുടെ ഒക്കെ വീട്ടിൽ പ്രഷർ കുക്കറിനു തീ കൊളുത്തിയിട്ടു പോകും.... പിന്നെ പറയണ്ടല്ലോ.... ആഗ്രഹങ്ങൾ എല്ലാം പൂട്ടി കെട്ടി കെട്ടിയോന്റെ വീട്ടിലേക്കു, അതാണല്ലോ ഒരു പെണ്ണിന്റെ ജീവിതത്തിന്റെ 'ultimate' ലക്ഷ്യം....കെട്ടിയോനും വീട്ടുകാരും കനിഞ്ഞാൽ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാം, അല്ലേൽ എല്ലാം തവിടു പൊടി....
ലോപോയിന്റ് : കല്യാണം, കെട്ടിയോൻ അങ്ങേരുടെ കാര്യങ്ങൾ, പിള്ളേര് അവരുടെ കാര്യങ്ങൾ, വീട്ടുകാര്യങ്ങൾ, വീട്ടിൽ ആളുകൾ വേറെയുണ്ടേൽ അവരുടെ കാര്യങ്ങൾ ഇതൊക്കെ ആണ് ഏതൊരു സ്ത്രീയുടെ മെയിൻ ജോലികൾ... ഇതൊക്കെ കഴിഞ്ഞു സമയം ഉണ്ടേൽ, മേല്പറഞ്ഞ കാര്യങ്ങൾക്ക് ഒന്നും കോട്ടം തട്ടാതെ ഉള്ള തരം പണി വെല്ലോം ഉണ്ടൽ ചെയ്തോ... എന്നതാണ് ലൈൻ.... ഒരു തരം ഔദാര്യം...
(പക്ഷെ മിക്ക പെൺകുട്ടികളെയും അങ്ങ് PG യും ഡോക്ടറേറ്റും വരെ എടുപ്പിക്കാൻ അച്ഛനമ്മമാർ തയ്യാറാണ് ... എന്നിട്ടു അവർ അതു കല്യാണം കഴിയുമ്പോൾ അലമാരിയിൽ വെച്ചു പൂട്ടും... 'See the Irony....' ചിലപ്പോൾ വിവാഹകമ്പോളത്തിലെ ഒരു പാരാമീറ്റർ ആയിരിക്കും ഹൈലി ക്വാളിഫൈഡ് ജോബ് ലെസ്സ് പെൺകുട്ടികൾ... 😎 അടുക്കള പണിക്കും പിള്ളേരെ നോക്കാനും, ബി എഡും എം എഡും ഒക്കെ എടുക്കേണ്ട കാര്യമുണ്ടോ...? 🤔 )
മേല്പറഞ്ഞ ലോപോയിന്റ് പഠിപ്പിക്കലിന്റെ ഒരു പ്രശനം ഞാൻ പറയാം... മിക്കവാറും സ്ത്രീകൾ എന്തേലും ഒരു സ്വപ്നവും കൊണ്ട് മുന്നോട്ട് പോകുമ്പോൾ, മേൽ പറഞ്ഞ ഏതേലും ഒരു ഏരിയയിൽ ഒരു കുറവ് ഉണ്ടേൽ, അതു മക്കളുടെ കാര്യമാവാം, ഭർത്താവിന്റെ ആവാം.... ; അതു സ്വന്തം കഴിവ് കേട് ആയി കണ്ടു ഒരു കുറ്റബോധവും, മനസാക്ഷി കുത്തുമായി ജീവിക്കും.... കാരണം നമ്മളിൽ അടിച്ചേല്പിച്ചിരിക്കുന്നത് ഒരു സൂപ്പർ വുമൺ പരിവേഷം ആണല്ലോ... വീട്ടുകാര്യവും ജോലികാര്യവും ഒന്ന് പോലെ കൊണ്ടുപോകാൻ കഴിവുള്ള ഒരു സൂപ്പർവുമൺ... 😒...ശെരിക്കും പറഞ്ഞാൽ ഈ സൂപ്പർവുമൺ എന്നത് ഒരു ട്രാപ് ആണ്... മനസാക്ഷി കുത്തിനു ഇടവരുത്തുന്ന ഒരു ട്രാപ്....
ബിസിനസ്സിലോ ജോലിയിലോ, ഏതു നിലയിൽ എത്തി എന്നു പറഞ്ഞാലും, വീട്ടുകാര്യം നോക്കുന്നില്ല, പിള്ളേരെ നേരെചൊവ്വേ നോക്കുന്നില്ല, എന്ന ഒറ്റ വാക്കിൽ, എത്ര മുകളിൽ നിൽക്കുന്ന സ്ത്രീയെയും, 'നീ ഒരു വൻ പരാജയം ആണ് ' എന്ന കുറ്റബോധത്തിലേക്കു തള്ളി വിടുന്ന ട്രാപ് ... അതേ സമയം കുട്ടികൾ പഠിത്തത്തിൽ പിന്നിൽ ആയതിനു ഏതേലും അച്ഛൻ ഉത്തരം പറയേണ്ടി വന്നിട്ടുണ്ടോ, അതു എന്ത് കൊണ്ടാണ് എന്നു ചോദിച്ചിട്ടുണ്ടോ.... കാരണം സൂപ്പർ വുമൺ ഇരിക്കുകയല്ലേ ഇവിടെ.... 😕
മക്കൾക്കോ വീട്ടുകാർക്കോ ഒരു വയ്യായ്കയോ വന്നാൽ വീട്ടിലെ ജോലിയുള്ള സ്ത്രീകൾ അതിനു വേണ്ടി ആരും പറയാതെ തന്നെ ജോലി രാജി വെയ്ക്കുകയോ, മറ്റു കോംപ്രമൈസുകൾക്കോ തയ്യാറാവുന്നത്... ഈ പറയുന്ന ലോപോയിന്റ് via മൈൻഡ് ട്രെയിനിങ് കാരണം ആണ്.....
ഈ വക ലോപോയ്ന്റ്സ് ഒക്കെ അമ്മമാർ വഴി, ആണുങ്ങളുടെ മനസിലും അടിയുറയ്ക്കുന്നത് കൊണ്ട് തന്നെ.... വീട്ടുജോലിയും, മക്കളും ഭാര്യയുടെ മാത്രം ഉത്തരവാദിത്തം ആണെന്നു, അവളുടെ സ്വാതന്ത്ര്യം, തന്റെ ഔദാര്യം ആണെന്നും.... തോന്നി പോകുന്നതിൽ കുറ്റം പറയാൻ ഒക്കില്ല...
ഇനി ഏതേലും ആണുങ്ങൾ, ഇതിൽ നിന്നൊക്കെ ഒന്ന് മാറി നടക്കാൻ തീരുമാനിച്ചാൽ, അവർ പെൺകോന്തൻ ആയി കഴിഞ്ഞു... ആരാണ് ഇവരെ പെങ്കോന്തൻ എന്നു വിളിക്കുന്നത് എന്നു അറിയാമോ, ഈ നാട്ടുകാർ തന്നെ, പ്രേത്യേകിച്ചും ഈ ചേച്ചീ - അമ്മായി ടീംസ്....
എന്റെ വീഡിയോകളുടെ താഴെ വരുന്ന കമന്റ്സ് അതും സ്ത്രീകളുടെ കമന്റ്സ് ഇപ്രകാരമാണ് 1. ഇങ്ങനെയൊക്കെ പറയുന്നത് കേട്ടിട്ട്, നിങ്ങളുടെ ഭർത്താവും വീട്ടുകാരും ഒന്നും പറയാറില്ലേ? (ചോദിക്കാനും പറയാനും ആരുമില്ലേ? ) 2. എന്തൊക്കെ ചെയ്യുന്നുണ്ട് എന്നു പറഞ്ഞിട്ടെന്താ, അടുക്കള കിടക്കുന്നത് കണ്ടില്ലേ? (ജഡ്ജ് ) 3. എന്തൊക്കെ പറഞ്ഞാലും പിള്ളേരുടെ കാര്യം ആദ്യം അതുകഴിഞ്ഞു മതി ബിസിനസ്സും മറ്റും (ഉപദേശം ) .. 4. എനിക്ക് ഇങ്ങനെയൊക്കെ ചെയ്യണമെന്നുണ്ട് പക്ഷെ വീട്ടിൽ സമ്മതിക്കില്ല (ക്രെഡിറ്റ് ) 5. പിള്ളേരൊക്കെ വലുതാകട്ടെ എനിക്കും ചെയ്യണം ഇങ്ങനെയൊക്കെ, പക്ഷെ ഇപ്പോൾ മോളു പത്തിലാണ്, അതു ഒന്ന് സെറ്റ് ആക്കുക എന്നത് എന്റെ ഉത്തരവാദിത്തം അല്ലേ, അതു കഴിയട്ടെ.... (ഉത്തരവാദിത്വം )
പിന്നെ പ്രീ പ്രൈമറി ക്‌ളാസുകളിൽ തന്നെ ഉണ്ടല്ലോ - ഫാദർ : ഹെഡ് ഓഫ് ദി ഫാമിലി എന്നു.... പിന്നെ തലയിരിക്കുമ്പോൾ വാല് ആടേണ്ട എന്നൊരു ചൊല്ലും 🤐 പഴം ചൊല്ലിൽ പതിരില്ല എന്നാണല്ലോ ഒരു ഇതു....
ഈ ഒരു ലൈൻ ചിന്താഗതി മക്കളിൽ (ആണായാലും പെണ്ണായാലും ) അവരുടെ അമ്മമാർ വഴി ഇൻജെക്ട് ചെയ്തു വിടുന്ന ഒരു കാര്യമാണ്, ആണുങ്ങൾക്ക് അതിൽ പങ്കു ഉണ്ടെലും ഇല്ലേലും.... ഈ വക ചീഞ്ഞ ചിന്താഗതിക്ക് ശെരിക്കും പറഞ്ഞാൽ ഒരു അറുതി വരുത്താൻ നമ്മൾക്ക് കഴിയും.... നമ്മൾ സ്ത്രീകൾക്ക്, നമ്മൾ അമ്മമാർക്ക്....
നമ്മുടെ ട്രൈനിങ്ങിന്റെ പ്രശ്നം ആണ്.... സമൂഹം കുടുംബത്തിന്റെ പ്രതിഫലനം ആണല്ലോ...
ലൈഫ്‌പാർട്ണർ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും, വേണമെങ്കിൽ, അതെപ്പോൾ വേണമെന്ന് തീരുമാനിക്കാനും ഉള്ള അവകാശവും അധികാരവും നാട്ടുകാർക്കല്ല എന്നും, ലൈഫ് പാർട്ണർ എന്നാൽ തുല്യത ഉള്ള ഒരു സ്ഥാനം ആണ് എന്നും അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മൾ നിൽക്കരുത് എന്നും പഠിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.... നമ്മൾ അമ്മമാരുടെ, നമ്മൾ സ്ത്രീകളുടെ കടമയാണ്.... അതു ആണായാലും പെണ്ണായാലും....
പോട്ടെ ഇതൊന്നും പഠിപ്പിചില്ലേലും, നാട്ടിൽ കല്യാണം കഴിക്കാത്ത കുട്ടികളെ തിരഞ്ഞു പിടിച്ചു കെട്ടിക്കാനും, അതുപോലെ കല്യാണം കഴിഞ്ഞവരോട് പിറ്റേന്ന് തന്നെ വിശേഷം ഒന്നും ആയില്ലേ എന്ന മണ്ടൻ ചോദ്യങ്ങൾ ചോദിക്കാതിരിക്കാനുള്ള മൈൻഡ്സെറ്റ് വെച്ചാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാവും....
സ്ത്രീപക്ഷ ചിന്തകൾ ഒത്തിരി ഉയർന്നു കേൾക്കുന്ന ഒരു സമയം ആണിത്.... പണ്ടു തൊട്ടേ കേൾക്കുന്നതാണേലും, ഇപ്പോൾ ഇത്തിരി കൂടെ കടുപ്പം ഉണ്ട് ചർച്ചകളിൽ.... മിക്കതിലും, സ്ത്രീകളോട് സമൂഹം, അല്ലേൽ പുരുഷൻമാർ കാണിക്കുന്ന വേർതിരിവ് ആണ് വിഷയം... എന്നാൽ മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്തകൾ തന്നെ അല്ലേ എന്നതാണ് എന്റെ ഒരു ചോദ്യം...
അപ്പോൾ വീണ്ടും കണ്ടു മുട്ടുന്നത് വരെ... ചിന്തകളിൽ ഓർക്കാം...
ദീപ ജോൺ
12-sep-2020
💯
ReplyDelete