ജോലി നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന് ആലോചിച്ചു തേരാ പാരാ നടക്കുന്ന 2015 കാലഘട്ടം (ഒരു സ്ഥിരം സംഭാഷണം ഓഫ് ദി ഇയർ )
ഇപ്പോൾ എന്ത് ചെയ്യുന്നു...
ഇപ്പോൾ ബിസിനെസ്സ് ആണ് ( എന്ത് ബിസിനെസ്സ്..☹️ തേരാ പാര നടക്കുന്നു അത്രതന്നെ...)
അല്ല ടെക്നോപാർക്കിൽ പോകുന്നുണ്ടായിരുന്നല്ലോ....? ജോലി എന്തോ ഉണ്ടായിരുന്നല്ലോ?
ഹ്മ്മ് അതു ഞാൻ നിർത്തിയിട്ടു കുറച്ചു നാളായി.....(ജോലി ഉണ്ടായിരുന്ന സമയത്തു കുഞ്ഞിനെ ആര് നോക്കും എന്നതായിരുന്നു ചോദ്യം )
ശോ നല്ല ശമ്പളം അല്ലാരുന്നോ? പിന്നെ എന്താ ജോലി കളഞ്ഞത്....?
ഹോ അതു മടുത്തു, എനിക്ക് ശരിയാവാത്തില്ല അതാ...ഭയങ്കര സ്ട്രെസ് ആണ്... ( ജോലി കളയാനോ ഞാനോ?, എന്നെ പിരിച്ചു വിട്ടതാണ് ഹേ.... ഇനി അതെങ്ങാനും പറഞ്ഞാൽ, അതിന്റെ ഹിസ്റ്ററി കുത്തി പുറത്തിടുന്നവരെ ഇവർ ഇവിടെ തന്നെ കാണും ...)
വേറെ ഒന്നും നോക്കുന്നില്ലേ?
ഇല്ല ഇപ്പോൾ ബിസിനെസ്സ് ആണ്...
എന്ത് ബിസിനെസ്സ് ആണ്?
അങ്ങനെ ഒന്നുമില്ല പല ബിസിനസ്സും ഉണ്ട്.... അല്ല ആന്റി ടെ മോൾടെ ഡെലിവറി കഴിഞ്ഞു, ഇവിടുണ്ടോ അതോ പോയോ....കുഞ്ഞ് സുഖം ആയിരിക്കുന്നോ? (വേഗം വിഷയം വഴി തിരിച്ചു വിടാം അല്ലേൽ ഇന്ന് എന്റെ തല തിന്നു തീർക്കും )
-------- -------- -------- -------- -------- --------
2020 ലെ കാര്യം ഞാൻ പറയണ്ടല്ലോ.... ജോലിയുണ്ടായിരുന്നപ്പോൾ ഉള്ള അതേ നിലവാരത്തിൽ, അല്ലേൽ അതിലും ഒരുപടി മുകളിൽ എത്താനുള്ള ശ്രമത്തിൽ ആണ്.... ഞാൻ എന്ന ഈ ഒറ്റയാൾ പട്ടാളം....
അങ്ങനെ വിട്ടാൽ പറ്റത്തില്ലലോ... രണ്ടു കമ്പനികൾ ജോലിയിൽ നിന്നും പറഞ്ഞു വിട്ടാൽ ഇല്ലാണ്ടായി പോകേണ്ട ഒന്നല്ലാലോ നമ്മൾ.
പലരും പലതും പറയും... എന്റെ സ്വഭാവത്തിന്റെ കൂടുതൽ കൊണ്ടാണ് ഒരിടത്തും നിനക്ക് ഗതി പിടിക്കാത്തത് എന്ന് വരെ പറഞ്ഞ ടീംസ് ഉണ്ട്... പറയേണ്ടത് അവരുടെ ജോലി, കേട്ടിട്ട് വിട്ടുകളയേണ്ടത് എന്റെ /നമ്മുടെ ജോലി.... അല്ലേൽ തന്നെ അവരാണോ, നമ്മൾ ആരാണ് എന്ന് ഡിഫൈൻ ചെയ്യേണ്ടത്...?
സംഭവിച്ചതെല്ലാം നല്ലതിന്.... ഇനി സംഭവിക്കാൻ പോകുന്നതും നല്ലത്... ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? അതു സത്യമാ...
ജോലി നഷ്ടപ്പെടലും, കടങ്ങളും, ഇല്ലായ്മകളും, സങ്കടങ്ങളും, പ്രയാസങ്ങളും ഒന്നും ഒന്നിന്റെയും അവസാനമല്ല, ഒരു പുതിയ തുടക്കം ആണെന്ന് ഉറച്ചു വിശ്വസിച്ചോളൂ... അപ്പൊ എല്ലാവര്ക്കും ഡിസംബർ മാസത്തിന്റെ ഒന്നാം തീയതി മംഗളങ്ങൾ 😉
ദീപ ജോൺ
01-ഡിസംബർ -2020
#decembermotivation
ReplyDelete