വളർന്നു വരുന്ന പെണ്കുട്ടികളോടാണ് .... അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധനമരണ വാർത്തകളുടെ അടിസ്ഥാനത്തിൽ , ഒരു സ്ത്രീ ഇൻഡിപെൻഡന്റ് ആവേണ്ടുന്നതിന്റെ ആവശ്യകത നിങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. ഒരു പട്ടികുഞ്ഞിനെയോ പൂച്ചകുഞ്ഞിനെയോ നോക്കാൻ ഏൽപ്പിക്കുന്നത് പോലെ കൊടുത്തു വിടേണ്ട ഒരു വസ്തു അല്ല നിങ്ങൾ എന്ന് സ്വയം ബോധ്യപ്പെടണം.
വിദ്യാഭ്യാസം നേടുക, സ്വന്തമായി ജീവിക്കാൻ പഠിക്കുക.. ആരേലും ഒക്കെ തങ്ങളെ നോക്കിക്കോളും എന്ന് പറഞ്ഞു മടി പിടിച്ചിരുന്നു പണി മേടിക്കരുത്.. അങ്ങനെ പറഞ്ഞു വളർത്തുന്ന സമൂഹം ഒരു വലിയ കുരുക്കിലേക്കാണ് നിങ്ങളെ തള്ളി വിടുന്നത്.... സ്വന്തം കണ്ണു തുറന്നു ചുറ്റും നോക്കുക, മനസിലാക്കുക.
നിങ്ങൾ ഇൻഡിപെൻഡഡ് ആവുക എന്നത് നിങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും സ്വയം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും; മറ്റാരും തന്നെ അതിൽ ഇടപെടാതിരിക്കാനും.
നിങ്ങളെ ഇൻഡിപെൻഡൻ ആവാൻ സഹായിക്കുന്ന ചില ചിന്തകൾ ആണ് ചുവടെ
1. ഒരു പെൺകുട്ടി എന്ന നിലയിൽ നിങ്ങളുടെ ജീവിതലക്ഷ്യം വിവാഹം കഴിച്ചു ഒരു നല്ല കുടുംബിനി ആവുക എന്നത് മാത്രം അല്ല. നമ്മുടെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. നമ്മുക്ക് നമ്മുടേതായ ഒരു വ്യക്തിത്വം ഉണ്ടാവണം . ആ അവസരങ്ങളെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുക, അല്ലെങ്കിൽ, മറ്റുള്ളവർക്ക് നിങ്ങളെ നിയന്ത്രിക്കാൻ, നിങ്ങൾ സ്വയം അനുവദിച്ചു കൊടുക്കുകയാണ് .
2. ചെറുപ്രായത്തിലേ സ്വയം തീരുമാനങ്ങൾ എടുക്കാൻ ആരംഭിക്കുക. തുടക്കത്തിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ ഓർക്കുക - പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി. നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുക.
3. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളോട് പറയാൻ ആരെയും അനുവദിക്കരുത്. അതൊക്കെ അവരുടെ കാഴ്ചപ്പാടുകൾ ആണ് . അവർക്കു ഒന്നും ചെയ്യാൻ പറ്റിയില്ല എന്നത് കൊണ്ട് നിങ്ങൾക്കും അത് സാധിക്കില്ല എന്ന് പറയാൻ അവർ ആളല്ല . അതിനു ചെവി കൊടുക്കേണ്ട. നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ, അത് ഉറപ്പായും നേടുക , അതിനു വേണ്ടി പരിശ്രമിക്കുക.
4. നിങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക, അതിന്റെ ആവശ്യം മനസിലാക്കുക. മാർക്കും റാങ്കും മാത്രമല്ല വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് . വിദ്യാഭ്യാസ കാലഘട്ടം എന്നത് യഥാർത്ഥ ലോകത്തിന്റെ തന്നെ ഒരു ചെറിയ പതിപ്പാണ് , ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ നിങ്ങൾ ഇവിടെ നിന്ന് സ്വായത്തം ആക്കുന്നത് ഉറപ്പായും ഉപയോഗം വരും.
5. നിങ്ങൾക്ക് ചുറ്റുമുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംഭവങ്ങളെക്കുറിച്ച് മനസിലാക്കുക . അവ പുരുഷന്മാർക്ക് മാത്രം മനസിലാക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല . അതിനു നിങ്ങൾ പരിശ്രമിക്കുന്നില്ലെങ്കിൽ, നിങ്ങളോട് തന്നെ ഒരു വലിയ തെറ്റാണു ചെയ്യുന്നത് .
6. വീട്ടുജോലി, പാചകം തുടങ്ങിയവ ആണിനും പെണ്ണിനും ഒരുപോലെ ജീവിക്കാൻ വേണ്ട സ്‌കിൽസ് ആണ് , അത് നിങ്ങള്ക്ക് മാത്രം എന്ന് പറഞ്ഞു എവിടേം തീറെഴുതി തന്നിട്ടില്ല . മികച്ച ഒരു കുടുംബിനി ആവാൻ വേണ്ടി സ്വയം പരിശീലിപ്പിക്കരുത്. സിനിമയിലും സീരിയലിലും കാണുന്നതല്ല ശെരിക്കുള്ള ജീവിതം. സ്വയം പൈങ്കിളി ആവാതിരിക്കുക. നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ, വിലപ്പെട്ടവരാണ് നിങ്ങൾ, ശക്തരാണ്.. അതനുസരിച്ചുള്ള പക്വത കാണിക്കുക.
7. അടുത്തത് വളരെ വളരെ പ്രധാനപെട്ടതാണ് : നിങ്ങളുടെ സാമ്പത്തിക സാക്ഷരതയ്ക്കും സ്വാതന്ത്ര്യത്തിനുമായി പ്രവർത്തിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. മുതിർന്നുകഴിഞ്ഞാൽ മറ്റുള്ളവരെ ഒരു കാര്യത്തിലും ആശ്രയിക്കരുത്, നിങ്ങളുടെ മാതാപിതാക്കളോടു പോലും.
8. സമൂഹം സ്ത്രീകളെ നോക്കി കാണുന്ന രീതി നിങ്ങൾ തന്നെ മാറ്റണം - ഇനി ആരും പെൺകുഞ്ഞുങ്ങൾ ഭാരമാണ് എന്ന് പറയാൻ ഇടവരുത്തരുത് . നിങ്ങൾ ആർക്കും ഒരു ഭാരമാകാതിരിക്കുക. സ്വന്തം കാലിൽ നില്ക്കാൻ കെൽപ്പുണ്ടാക്കി എടുക്കണം. സാമ്പത്തികമായും വൈകാരികമായും ഉള്ള സ്വാതന്ത്ര്യം നേടണം.
9. നിങ്ങളുടെ ജീവിതം പൂർണ്ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഇതിന് സമൂഹവുമായി ഒരു ബന്ധവുമില്ല. അതിനാൽ, മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന് ചിന്തിക്കുന്നത് അവസാനിപ്പിക്കുക. എന്ത് പ്രശ്നം ഉണ്ടായാലും അവർ ചിന്തിക്കുകയും , കമന്റ് ചെയ്യുകയും മാത്രമേ ചെയ്യുകയുള്ളൂ. ഒരു നേരത്തെ ആഹാരം പോലും അവിടുന്ന് കിട്ടില്ല, പിന്നെ എന്തിനു അവരെ മുഖവിലയ്ക്ക് എടുക്കണം?
10. നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹമോ ആവശ്യമോ ഉണ്ട് , എന്നാൽ അത് പരീക്ഷിക്കാൻ ഭയപ്പെടുന്നുവെങ്കിൽ; സ്വയം വെല്ലുവിളിക്കുക - ജീവിതത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ അങ്ങനെ ആണ് പഠിക്കുന്നത് .
11. സ്ത്രീകൾക്ക് ഇതൊന്നും പറ്റില്ല എന്ന് പറയുന്നത് കൊണ്ട് ഒന്നിൽ നിന്നും മുഖം തിരിക്കരുത്.. അടുത്ത തലമുറ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി തീരണം. അതിനു നിങ്ങൾ ഓരോരുത്തരും വിചാരിക്കണം.
തല്ക്കാലം ഇവിടെ നിർത്തുകയാണ് . ആശംസകൾ…. നിങ്ങളുടെ ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുക.
ദീപ ജോൺ
23-Jun-2021
🙏🏻🙏🏻
ReplyDeleteWell said deepa
ReplyDelete👍👍👍
ReplyDelete