Skip to main content

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ ....


ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി...


പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു....


ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ചെയ്യുന്നു എന്ന ചോദ്യം ഫേസ് ചെയ്യുക ആയിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ടു.... എന്തുകൊണ്ട് അങ്ങനെ എന്നു ചോദിച്ചാൽ... എന്തോ എന്റെ ഒരു മെന്റൽ കണ്ടിഷനിങ് അങ്ങനെ ആയിരുന്നിരിക്കാം....


എന്തേലും ചെയ്യണം... പക്ഷെ കുഞ്ഞുങ്ങളെ വിട്ട് പോകാൻ വയ്യ... പക്ഷെ ഇനി എന്ത് ചെയ്താലും അതൊരു എക്സ്പീരിമെന്റ് ആയിരിക്കും... ജയിച്ചാലും ഇല്ലേലും ഒന്നുമില്ല.. വരുന്നിടത്തു വെച്ചു കാണാം എന്നൊരു ആറ്റിട്യൂട് ആയിരുന്നു... കാരണം വേറെ പലതും... കൺവെൻഷണൽ ആയ പലതും.... അതിനകം പയറ്റി മടുത്തിരുന്നു.....


എങ്ങനെ ആ ധൈര്യം എന്നൊന്നും അറിയില്ല... 6 മാസം പ്രായമായ ആനിയമ്മയെയും കൂട്ടി... എന്റെ അമ്മയുടെ ഫിസിക്കൽ സപ്പോർട്ടും (കുഞ്ഞിനെ ആരേലും നോക്കണമല്ലോ ), അനിയത്തി ദീപ്തിയുടെ മെന്റൽ & ഇമോഷണൽ സപ്പോർട്ടും, ബിജുവിന്റെ സൈലന്റ് സപ്പോർട്ടും ആയി ... ഒരു ഓൺലൈൻ കിഡ്സ്‌ ബൂട്ടിക്... അതും ഫേസ്ബുക് വഴി...തുടങ്ങി....


ബന്ധുക്കളെയും, അയൽവാസികളെയും ഒന്നും അറിയിച്ചില്ല... "ഏഹ്ഹ്  MCA കഴിഞ്ഞ നീ തയ്യൽ പണിക്കോ?? " എന്നൊരു പുച്ഛം പിൽക്കാലത്തു ഒത്തിരി കേട്ടു.. ഇപ്പോൾ കുറവാണു.. എങ്കിലും കേൾക്കുന്നുണ്ട് .... അതുകൊണ്ട്, അന്നേരം...അവരെയൊക്കെ പരമാവധി അകറ്റി നിർത്തി.... അത് നന്നായി...


ഞാൻ എന്നെ തന്നെ 'വിമൽകുമാർ' എന്നാ വിളിക്കുന്നത് എന്നു പറയും പോലെ...തയ്യൽ എവിടേം പോയി പഠിക്കാത്ത ഞാൻ എന്നെ തന്നെ, സ്വയം... ഫാഷൻ ഡിസൈനർ എന്നും ബൂട്ടിക് ഓണർ എന്നും ആണ് പറയുന്നത്...🤭🤭... കാര്യം ഓർഡർ എടുക്കുന്നത് മുതൽ ഡെലിവറി വരെ ഞാൻ തന്നെ ആണ് ചെയ്യുന്നത് എങ്കിലും... പ്രെസൻറ്റേഷനിൽ അല്ലെ കാര്യം മോനെ....😀


ആദ്യമൊക്കെ എത്ര വർക്ക്‌ ചെയ്താലും 500 റും 300 റും മേടിച്ചിരുന്ന എനിക്ക്, ഇപ്പോ ചോദിക്കുന്ന ക്യാഷ് തരാൻ ആളുണ്ട്.... 


ഇറങ്ങി പണിയെടുത്തിട്ടു തന്നെ ആണ്...., അതായതു...എന്റെ കുഞ്ഞുങ്ങളെ പോലും നോക്കാതെ, ഞാൻ വരുന്ന എല്ലാ വർക്ക്‌ ഉം ഒരു ചലഞ്ച് ആയി ഏറ്റെടുത്തു ചെയ്തു പ്രൂവ് ചെയ്തിട്ടാണ്... ഇന്ത്യക്ക് അകത്തു പലസ്ഥലങ്ങളിൽ നിന്നും ഓർഡറുകൾ വന്നു.... പിനീട് മറുനാടൻ മലയാളികളും കൂടി, ഓർഡറുകളുമായി വന്നപ്പോൾ...എന്റെ കോൺഫിഡൻസ് ലെവൽ കൂടി കൂടി വന്നു....


അങ്ങനെ ഇരിക്കെ.. യൂട്യൂബിൽ ഒരു ചാനൽ കൂടി തുടങ്ങി.... ചുമ്മാ ഒരു രസത്തിന് തുടങ്ങിയതാ... പക്ഷെ കളി കാര്യമായി.....


അതുവഴി കുറച്ചും കൂടി ഞാൻ എന്നെ പ്രൊമോട്ട് ചെയ്യാൻ തുടങ്ങി...  സൂപ്പർ സ്റ്റാർ സരോജ്‌കുമാർ പറയുംപോലെ - 'എന്റെ തല എന്റെ ഫുൾ ഫിഗർ '...  😄😄  അതും നമ്മുക്ക് ഗുണമായി...   ഇതിനു പിന്നിലെ കാര്യങ്ങൾ ഒക്കെ കാണിച്ചു കൊണ്ടു വീഡിയോസ് വന്നപ്പോൾ... ആളുകൾക്ക് എന്നിൽ ഉള്ള വിശ്വാസം കൂടി.. അതുകഴിഞ്ഞപ്പോൾ... ഇതുപോലെ ചെറിയ യൂണിറ്റ് എങ്ങനെ വീടുകളിൽ തുടങ്ങാം എന്നു പഠിപ്പിച്ചു കൊടുക്കാൻ ഞാൻ ഓൺലൈൻ ക്ലാസുകൾ, വർക്ഷോപ്പ് ഒക്കെ നടത്തി തുടങ്ങി....  ഓർഡർ വരുന്നത് കൂടി...അത് മാനേജ് ചെയ്യാൻ പറ്റാത്ത രീതിയിൽ ആയി... 


സന്തോഷം... സംതൃപ്തി .....


ഇടയ്ക്കിടയ്ക്ക് വയ്യായ്ക വരുന്നുണ്ടായിരുന്നു ... ബ്രേക്ക്‌ എടുക്കാൻ തുടങ്ങി... പിന്നീട് ബ്രേക്ക്‌ എടുക്കുന്നതിന്റെ ദൈർഖ്യം കൂടി കൂടി വന്നു...


പക്ഷെ....


പിന്നീട് എപ്പോഴോ...  ഞാൻ എന്നെ തന്നെ ബാക്കിയുള്ളവരുമായി താരതമ്യം ചെയ്യാൻ തുടങ്ങി...ഞാൻ ഒന്നും അല്ല.... എനിക്ക് ഞാൻ, സ്വയം ഒരു പരാജയം ആണെന്ന് തോന്നാൻ തുടങ്ങി... ഞാൻ ഇങ്ങനെ അല്ല ആവേണ്ടത് എന്നു തോന്നി തുടങ്ങി... എന്തൊക്കെയോ ചെയ്യാൻ വെമ്പലായി....ചെയ്തു.. മനസ്സ് ആഗ്രഹിച്ചിടത്തു ശരീരം എത്തിയില്ല... തളർന്നു.....സങ്കടമായി... ഡിപ്രെഷൻ ആയി... പിന്നെ ആറു മാസത്തോളം മരുന്നുകളായി .... തിരിച്ചു പിടിക്കലായി.... ലൈഫ് സ്റ്റൈൽ മോഡിഫൈക്കേഷൻ ആയി.... തിരിച്ചറിവുകളായി... തിരികെ ട്രാക്കിലായി.... സന്തോഷമായി....പക്ഷെ എന്തോ ഒരു പേടി, അപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു....


എന്റെ തയ്യൽ മുറി ആകെ പൊടി പിടിച്ചിരുന്നു... എന്തോ എനിക്ക് തയ്യൽ ഇനി പറ്റില്ല എന്നൊരു തോന്നൽ... ഞാൻ അതിനെ വെറുത്തോ എന്ന് വരെ തോന്നി?


ഇനി അതിലേക്കു തിരിച്ചു പോകുന്നത് എനിക്ക് പറ്റില്ല... കസ്റ്റമേഴ്സിനെ ഹാൻഡിൽ ചെയ്യേണ്ടത് എങ്ങനെ എന്നു ഒത്തിരി പേർക്ക് ക്ലാസ്സെടുത്തു കൊടുത്ത എനിക്ക് അത് ആലോചിക്കുമ്പോൾ തന്നെ പേടിയും വിറയലും ആയിരുന്നു.... വരുന്ന ഫോൺ കാൾകൾക്ക് ഒക്കെ ഞാൻ ഇപ്പോ വർക്ക്‌ എടുക്കുന്നില്ല എന്നു പറഞ്ഞു വെയ്ക്കുക ആയിരുന്നു പതിവ്....


ഇല്ല... ഇനി ഇശാന കിഡ്സ്‌ ഇല്ല... എനിക്കിനി പറ്റില്ല....മെഷീനുകൾ ഒക്കെ ഓരോന്നായി വിൽക്കാമെന്നായി ആലോചന.... ലക്ഷകണക്കിന് രൂപയാണ് ഞാൻ അതിനുവേണ്ടി ചിലവാക്കിയത്....  ഓൺലൈൻ ഹാൻഡിൽ എല്ലാം ഡിലീറ്റ് ചെയ്താലോ എന്നും ആലോചിച്ചു... പക്ഷെ ഒരു വിഷമം.. എത്ര വർഷം കഷ്ടപെട്ടാണ് ഈ നിലയിൽ എത്തിച്ചത്.....ഇപ്പോഴും ഗൂഗിളിൽ കിഡ്സ്‌ ബൂട്ടിക് എന്നു സെർച്ച്‌ ചെയ്‌താൽ എന്റെ പേര് തന്നെ ആണ് ആദ്യം കിടക്കുന്നത്.... അതുകൊണ്ട് മാത്രം... ഒരു തീരുമാനം എടുക്കാതെ ഇരുന്നു....


അങ്ങനെ വേറെ എന്ത്.... അല്ലെങ്കിൽ കുറച്ചു കൂടെ കഴിയട്ടെ എന്നുള്ള തീരുമാനത്തിൽ/ആലോചനയിൽ ഇരിക്കുമ്പോൾ ആണ്... നമ്മുടെ ഒരു സുഹൃത്ത്, ഷൈനി വിളിക്കുന്നത്. പുള്ളിക്കാരി ഇടയ്ക്കിടയ്ക്ക് വിളിക്കും കുറച്ചു ചളി ഒക്കെ അടിച്ചു.. നമ്മൾ രണ്ടും കുറച്ചു ചിരിക്കും, അതൊരു പതിവാണ് ... പുള്ളിക്കാരി എന്നെ പോലെ തന്നെ ഒരു ഗിഫ്റ്റ് ഷോപ്പ് നടത്തുന്നു... ആളുകൾക്ക് വേണ്ടുന്ന രീതിയിൽ ഗിഫ്റ്റ് ഹാമ്പർ ഒക്കെ ചെയ്യും, എംബ്രോയ്‌ഡ്‌ഡറി ചെയ്ത ഗിഫ്റ്റ് ഐറ്റംസ്, ടീഷർട്സ്, ക്രാഫ്റ്റ് ഐറ്റംസ് ഒക്കെ ആണ് പ്രധാന പ്രോഡക്ടസ്...


വിളിച്ച വഴിക്കു ഞാൻ പറഞ്ഞു... എനിക്കും വേറെ എന്തേലും തുടങ്ങണം... പക്ഷെ എന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നു എന്താണ് എന്നറിയില്ല എന്നു പറഞ്ഞു ... പിന്നെ നടന്നത്... രാമായണത്തിൽ  ലങ്കയിലേക്ക് സമുദ്രം ചാടികടക്കാൻ മടിച്ചു നിന്ന ഹനുമാനെ, നമ്മുടെ ജാമ്പവാൻ വന്നു പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞു മോട്ടിവേറ്റ് ചെയ്യത്തില്ലേ ? അങ്ങനെ ഒരു ഒന്നൊന്നര മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു.... അത് എനിക്ക് ഏറ്റു....


ആ ചൂടോടെ...., അന്ന് വൈകിട്ട് തന്നെ ഞാൻ ഓൺലൈൻ ഹാൻഡിൽ ലെ സ്റ്റാറ്റസ് 'temporarily closed' ഇൽ നിന്നും ഓപ്പൺ ആക്കി ഇട്ടു... പിന്നെ ചെറിയ പേപ്പർ വർക്കും ചെയ്തു വെച്ചു... രണ്ടു ദിവസത്തിനകം ആദ്യത്തെ ഓർഡർ ആയി... നല്ല ഒരു കസ്റ്റമർ ആയിരുന്നു....ഇപ്പോ, ഏതാണ്ട്... അടുത്ത സെപ്റ്റംബർ പകുതി വരെ അഡ്വാൻസ് ബുക്കിങ്ങും ആയി.... 😊 ഷൈനി ക്ക് ഐസ്ക്രീം മതി എന്നാ പറഞ്ഞേക്കുന്നെ 🤗💕 എത്ര നന്ദി പറഞ്ഞാലും തീരില്ല.... എന്റെ മോട്ടിവേഷൻ വീഡിയോസിനു ഒരു എതിരാളി ആകുമോ എന്തോ?? 😂😂


ഒരു കുഞ്ഞി സ്റ്റെപ് ഞാൻ എടുത്തു... എന്റെ ഉള്ളിൽ ഉണ്ടായിരുന്ന പേടിയുടെ, കോൺഫിഡൻസ് ഇല്ലായ്മയുടെ... അങ്ങനെ ഒത്തിരി സംഭവങ്ങളുടെ കുമിളകൾ പട പടാ പൊട്ടി തകർന്നു.....എടുത്തില്ലായിരുന്നേൽ... ഇപ്പോഴും എന്ത് എന്നു പറഞ്ഞും ആലോചിച്ചും... ഞാൻ ഇവിടൊക്കെ തന്നെ കണ്ടേനെ...


ട്രാഫിക് സിനിമയിൽ പറഞ്ഞ പോലെ... നിങ്ങളുടെ ഒരു 'യെസ്'.... വരാനിരിക്കുന്ന ഒത്തിരി പേർക്ക് യെസ് പറയാനുള്ള ചരിത്രം ...


ഇപ്പോ ഞാൻ, എന്നിൽ ശ്രദ്ധിച്ച ഒരു കാര്യം... 1 or 2 ദിവസം കൊണ്ട്, എന്റെ പഴേയ കോൺഫിഡൻസ് ലെവൽലേക്ക് വീണ്ടും എത്തി....പണ്ട് ഉണ്ടായിരുന്ന ഒരു സങ്കടം, അരക്ഷിതാവസ്ഥ ഒക്കെ മാറി...ഒരു സന്തോഷം... സംതൃപ്തി ഒക്കെ ആയി....


പക്ഷെ ഒരു കാര്യം, ഈ തിരിച്ചു വരവിൽ ഞാൻ ഉറപ്പിച്ചത്.... ഒരിക്കലും പണ്ട് ഞാൻ വരുത്തിയിരുന്ന തെറ്റുകൾ ആവർത്തിക്കില്ല എന്നതായിരുന്നു....അതായതു എന്നെ ഈ അവസ്ഥയിലേക്ക് നയിച്ചതിനു ഞാൻ സ്വീകരിച്ച കുറച്ചു രീതികൾക്ക് വലിയ പങ്കു ഉണ്ടായിരുന്നു.... അതുകൊണ്ട്..., എന്റെ ഹെൽത്ത്‌ - ഫിസിക്കൽ ആൻഡ് മെന്റൽ ഹെൽത്ത്‌, അത് കോംപ്രമൈസ് ചെയ്തു ഒരു ജോലിക്കും ഞാൻ ഇല്ല എന്ന് ഞാൻ ആദ്യം തന്നെ തീരുമാനിച്ചു ...


പിന്നെ പ്രാവർത്തികം ആക്കണം എന്നു കരുതുന്നത് ചുവടെ ചേർക്കുന്നു....


1. വീട്ടിലിരുന്നു വർക്ക്‌ ചെയ്യുന്നു എന്നത് കൊണ്ട് ഫാമിലി ടൈം കോംപ്രമൈസ് ചെയ്യില്ല... വ്യക്തമായ സമയം വർക്കിന്; ബാക്കി നമ്മുക്കുള്ളതാണ്... എത്ര ക്യാഷ് കിട്ടിയെന്നു പറഞ്ഞാലും അത് വിട്ടു കളിക്കരുത്...

2. അവസാന നിമിഷം വരുന്ന ഓർഡർ എടുത്തു സ്‌ട്രെസ്സ് കൂട്ടാൻ ഞാനില്ല, അവരുടെ കാര്യത്തിൽ അവർക്കില്ലാത്ത ശുഷ്‌കാന്തി ഞാൻ എടുക്കേണ്ടതില്ലലോ?

3. അസമയത്തു /ഫാമിലിയോടൊപ്പം ഉള്ളപ്പോൾ വരുന്ന വർക്ക്‌ കാളുകൾ എന്റെർറ്റൈൻ ചെയ്യേണ്ട, വരാനുള്ളത് നമ്മുക്ക് തന്നെ വരും...ഇല്ലേൽ ഇട്സ് ഓക്കെ...

4. ആവശ്യത്തിന് ബഫർ ഇട്ടു സമയം പറയുക... താല്പര്യം ഉള്ളവർ വന്നാൽ മതി...

5. ഒരു മാസം മിനിമം ഓർഡർ വെച്ചു ആ ടാർഗറ്റ് എത്തി കഴിയുമ്പോൾ റെസ്റ്റ് എടുക്കുക...

6. ക്യാഷ് എന്നതിനേക്കാൾ, ക്വാളിറ്റി വർക്ക്‌, വർക്ക്‌ - ലൈഫ് ബാലൻസ്, മീറ്റിംഗ് പീപ്പിൾ, ബിൽഡിംഗ്‌ റിലേഷൻസ്, ബൂസ്റ്റിംഗ് സെൽഫ് എസ്ടീം, കോൺഫിഡന്റ്സ്‌, ഹാവിങ് ആൻ ഐഡന്റിറ്റി ഒക്കെ ആണ് എന്റെ ലക്ഷ്യം...

7. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യില്ല, മറ്റുള്ളവർ എന്നെ അങ്ങനെ ചെയ്താൽ അത് മുഖവിലയ്ക്ക് എടുക്കുകയും ഇല്ല ..... ഓരോരുത്തരുടെയും സാഹചര്യം വ്യത്യാസം ആണ്... ഓരോരുത്തരുടെയും ലക്ഷ്യങ്ങൾ വ്യത്യാസം ആണ്....


പ്രധാനമായും ഞാൻ തിരിച്ചറിഞ്ഞത് ഇതാണ് ... ഞാൻ എന്നെ അളന്നത് മറ്റുള്ളവരുണ്ടാക്കിയ ഒരു അളവുകോൽ കൊണ്ടാണ്... അന്ന് തുടങ്ങി എന്റെ പ്രശ്നങ്ങൾ... എനിക്കല്ലേ അറിയൂ ഞാൻ എന്താണ്.. എനിക്ക് എന്താണ് സന്തോഷം തരുന്നത് എന്നത്... മറ്റുള്ളവരുടെ മാർക്ക്‌ എനിക്ക് വേണോ? എനിക്കൊരു അളവുകോലുണ്ട് അതിൽ ഞാൻ എവിടാണ് എന്നു നോക്കിയാൽ പോരെ... ഞാൻ എന്നോട് തന്നെ അല്ലെ മത്സരിക്കേണ്ടത്...?


ഇതൊക്കെ ഇപ്പൊ എന്തിനാ ഞങ്ങളോട് പറയുന്നത് എന്നു ചോദിച്ചാൽ... ഞാൻ കടന്നുപോയത് പറഞ്ഞു /എഴുതി മനസിലാക്കാൻ പറ്റാത്ത ഒരു ഹോപ്പ്ലെസ് വർത്ലെസ്സ് സിറ്റുവേഷൻ ആയിരുന്നു... ഞാൻ ഒരിക്കലും പോകരുത് എന്നു ആഗ്രഹിക്കുന്ന ഒരു കാലഘട്ടം....അന്നേരം ആരേലും ഇങ്ങനെ ഒരു ഫസ്റ്റ് സ്റ്റെപ് എടുത്ത കാര്യം പറഞ്ഞിരുന്നെങ്കിൽ.... എനിക്കതൊരു ആശ്വാസം ആയിരുന്നേനെ.... ഒരു ബ്രേക്ക്‌ എടുത്തിട്ട് പിന്നെ മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്ന ഒത്തിരി ആളുകൾ ചുറ്റും ഉള്ളപ്പോൾ ഇങ്ങനെ ഒന്നു ഇവിടെ കിടക്കട്ടെ എന്നു തോന്നി....


അപ്പോ കാണാം

ദീപ ജോൺ

24-ജൂലൈ-2022


Comments

Post a Comment

Popular posts from this blog

എന്റെ ഒരു ചിന്ന transformation story

എന്റെ ശരീരഭാരം, കഴിഞ്ഞ ഒരു ആറു വർഷ കാലമായി 95-98 kg ആണ്. ഷോപ്പിംഗ് മാളിലോ, പിക്നിക് നോ പോയാൽ അന്ന് വൈകിട്ടും പിന്നെയുള്ള രണ്ടു മൂന്നു ദിവസം ഞാൻ കിടപ്പായിരിക്കും, അത്രയ്ക്ക് ആരോഗ്യം ആണ്.... തലവേദന കൂടപ്പിറപ്പാണ്..., ഓർമ വെച്ച നാൾ മുതൽ crocin ഉം പാരസെറ്റമോൾ ഉം കഴിച്ചു തുടങ്ങിയതാ ഇപ്പോ അതിനൊന്നും effect ഇല്ല, മുട്ടായി കഴിക്കുന്ന പോലെ എന്നും കഴിക്കാം എന്ന് മാത്രം ... പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അചാച്ചി എനിക്കൊരു ടുവീലർ വാങ്ങി തന്നു, പിന്നെ പാല് വാങ്ങാൻ പോകാനോ, അരി പൊടിപ്പിക്കാൻ പോകാനാണേൽ പോലും ഞാൻ അതിലെ പോകു... സ്റ്റെപ് മാക്സിമം ഒഴിവാക്കി, ലിഫ്റ്റ് നോക്കി നിന്ന് നിന്ന്,  മുട്ടൊന്നും അനക്കാൻ പറ്റാത്ത അവസ്ഥ ആയി.... അപ്പോ എന്റെ physical fitness നെ പറ്റി ഒരു ഏകദേശ ധാരണ മനസിലായല്ലോ... പിന്നെ ദേഹം മുഴുവൻ stiff ആയി, പണി കിട്ടുന്ന Fibromyalgia യും cervical spondylosis ഉം കൂടി diagnosis ചെയ്തു കിട്ടി ബോധിച്ചു കഴിഞ്ഞപ്പോൾ, എന്റെ mindset എനിക്കിനി ഒരിക്കലും ഒരു healthy state ഇലേക്ക് വരാൻ പറ്റില്ല എന്നതായിരുന്നു. പെട്ടെന്ന് ഒരു ആവേശത്തിന് dieting തുടങ്ങിയാലും ഏറിയാൽ 2-3ആഴ്ച, വീണ്ടും ഞാൻ പഴയ പടി ആകും.

ഹോട്ടൽ ആണെന്ന് കരുതി വീട്ടിൽ കയറിയ...

 കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി  അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്... ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്... എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്? ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല. ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guarantee 😊) c

".... അപ്പോഴാ അതിന്റെ പുളി മനസിലായത് " ഒരു മെഴുകുതിരി നിർമാണ അപാരത...

 അങ്ങനെ ഇരുന്നപ്പോൾ ആണ്, എനിക്ക് candle മേക്കിങ് പഠിക്കണം എന്നൊരു ആഗ്രഹം.... എന്റെ അമ്മേടെ വാക്കുകളിൽ പറയുവാണേൽ - "തിന്നിട്ടു എല്ലിനിടയിൽ..... ഒന്നിലും ഉറച്ചു നിൽകത്തുമില്ല....." അമ്മ അങ്ങനെ പലതും പറയും... ഇന്ന് ഞാൻ മരിച്ചു പോയാൽ ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കാതെ ആണല്ലോ പോയത് എന്നൊരു വിഷമം ഉണ്ടാവരുത്, യേത് ?....പെട്ടെന്ന് തന്നെ നമ്മുടെ ഗുരു- യൂട്യൂബിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി... മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, എന്തിനു ഭാഷ അറിയാത്ത വീഡിയോകൾ വരെ കണ്ടു... ഇനി പ്രാക്ടിക്കൽസ്.... വീട്ടിലെ പാത്രങ്ങളും, പൊട്ടിയ മെഴുകുതിരിയും ഒക്കെ മതി ഒന്ന് experiement ചെയ്യാൻ, എന്നാലും അതല്ലലോ... എങ്ങനെ ആണിതിന്റെ കിടപ്പുവശം അറിയണമല്ലോ.... (അല്ല കുറച്ചു കാശു കൊണ്ട് കളഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല....) ചാലക്കകത്തു (i mean chala market), പണ്ട് തെണ്ടി തിരിഞ്ഞു നടന്നപ്പോൾ - സോപ്പ്, അകർബത്തി, candle മേക്കിങ്ങിന്റെ rawmaterials വിൽക്കുന്ന ഒരു wholesale ഷോപ്പ് കണ്ടുപിടിച്ചാരുന്നു... അവിടെ ഒന്ന് പോയി അന്വേഷിച്ചു.... 1000 രൂപയ്ക്ക് സംഭവങ്ങൾ ഒപ്പിച്ചു പോരാമെന്നു കരുതിയ ഞാൻ വണ്ടർ അടിച്ചു പോയി... "