അന്ന : അമ്മാ ഒരു കഥ പറയുമോ....
ഞാൻ : പോയി കിടന്നു ഉറങ്ങാൻ നോക്കെടി, സമയം പത്തേമുക്കാലായി.... നാളെ സ്കൂളിൽ പോകേണ്ടേ...
അന്ന : പ്ലീസ് അമ്മ ഒരു കുഞ്ഞി കഥ... പ്ലീസ്....
ആനി : പീസാമ്മ പീസാമ്മ ഒരു കദ...
ഞാൻ : ഹമ്മ് കഥയൊന്നുമില്ല... എന്റെ കുഞ്ഞിലത്തെ കാര്യങ്ങൾ മതിയോ...
അന്ന : ആ.. അതുമതി...
ഞാൻ : ഹമ്മ്... പണ്ട് ഞങ്ങൾ കുഞ്ഞായിരുന്നപ്പോ ആചാച്ചി വീട്ടിൽ പോകുന്ന കഥ പറഞ്ഞു തരാം... തത്തംപള്ളിയിൽ പോകുന്ന കഥ... കേട്ടോ...
അന്ന :ഹമ്മ്
ഞാൻ : അചാച്ചിയുടെ വീടിന്റെ മുന്നിൽ കൂടി ഒരു തോട് ഒഴുകുന്നുണ്ട് കേട്ടോ...
അന്ന : തോടോ, എന്നു വെച്ചാൽ...
ഞാൻ : തോട് എന്നു വെച്ചാൽ കായലിന്റെ സ്മാൾ ബ്രാഞ്ച് മനസിലായോ...
അന്ന : ആ ഓക്കേ...
ഞാൻ: ഹമ്മ് അപ്പോൾ തോട് മുന്നിലുള്ള കൊണ്ട്... പിള്ളേരൊക്കെ കളിക്കുമ്പോൾ തോട്ടിലോട്ടു പോകാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്... അന്ന് മതിലൊന്നുമല്ല.. വേലിയാണ്...
അന്ന : ഏഹ് വേലിയോ... വേലി ന്നു വെച്ചാൽ
ഞാൻ : ഡി വേലി ന്നു വെച്ചാൽ ഫെൻസ് മനസ്സിലായോ... അതു ചെടികൾ അല്ലേൽ കമ്പൊക്കെ കൊണ്ടുള്ള ഫെൻസ് ആണ്...
അന്ന : ഓഹോ...
ഞാൻ : ഹമ്മ് അപ്പൊ അന്നൊക്കെ... വീട്ടിലെ വേലി ഒക്കെ മൈലാഞ്ചി ചെടി കൊണ്ടാണ് ഉണ്ടാക്കിയേക്കുന്നത്, മൈലാഞ്ചി, ചെമ്പരത്തി, ചെത്തി.. അങ്ങനെ കുറെ ചെടികൾ.. തോടിന്റെ അരികത്തു കാണും... പിന്നെ തോട് കടക്കണേൽ രണ്ടു തെങ്ങിന്റെ തടി ഇട്ടേക്കും... ഒരു ബാലൻസിൽ ഒക്കെ നടന്നാൽ അപ്പുറവും ഇപ്പുറവും പോകാം...
ഞങ്ങൾ പിള്ളേര് സെറ്റ്, നാട്ടിൽ ചെന്നാൽ ആദ്യത്തെ പരുപാടി മൈലാഞ്ചി ഇല പറിക്കലാണ്... അന്ന് ഇന്നത്തെ പോലെ മൈലാഞ്ചി cone ഒന്നും ഇല്ല... മൈലാഞ്ചി ഇടണേൽ, ഇല അരച്ച് എടുക്കണം...
അപ്പൊ പറഞ്ഞു വന്നത്... ആചാച്ചി ടെ വീട് എന്നു പറയുന്നത്... ഒരു ഓടിട്ട വീടാണ് കേട്ടോ.... പിന്നെ...
അന്ന : ഏഹ് ഓടിട്ട വീടോ... എന്നുവെച്ചാൽ...
ഞാൻ : ഹ്മ്മ് ഓടിട്ടത് എന്നു പറഞ്ഞാൽ... ഇങ്ങനെ കോൺ പോലത്തെ വീട് കണ്ടിട്ടില്ല മുകളിൽ ബ്രൗൺ കളർ ഉള്ളത്...
അന്ന : ഓ റൂഫ് ചെയ്ത് ആണോ...
ഞാൻ : അല്ലെടി... ഈ താഴെ വീണാൽ പൊട്ടുന്ന ടൈൽ പോലത്തെ സാധനം വെച്ചുണ്ടാക്കിയ വീട്...
അന്ന : ഹമ്മ് റൂഫിങ് അല്ലെ ടൈൽ പോലത്തെ...
ഞാൻ : എടീ, നമ്മൾ പണ്ട് താമസിച്ച വാടക വീട്ടിൽ, തട്ടുമ്പുറം കണ്ടിട്ടില്ലേ..
അന്ന : ഹ്മ്മ് രണ്ടാമത്തെ നില ആണോ...
ഞാൻ : അതെ, അവിടെ നിന്നും മുകളിലേക്കു നോക്കിയാൽ... ടൈൽ പോലത്തെ ഒരു സാധനം കാണില്ലേ... അടുക്കി അടുക്കി വെച്ചിരിക്കുന്നത്... അതിൽ ഒരിക്കൽ തേങ്ങാ വന്നു വീണു ഓട് പൊട്ടിയതും, മുറിയിൽ മഴ വെള്ളം വീണതും, പിന്നെ, നമ്മൾ, ഏണി വെച്ച് കേറി, ഓട് മാറ്റിയതും ഓർക്കുന്നുണ്ടോ... അതാണ് ഓട്..
അന്ന : ഓ അതാണോ, ഇപ്പോൾ മനസിലായി...
ഞാൻ : ആഹ് അപ്പോൾ ഓടിട്ട ഒരു കുഞ്ഞു വീടാണ് അചാച്ചിയുടെ വീട്... വീടിനു ചുറ്റും... പഞ്ചാര മണൽ ആണ്...
അന്ന : പഞ്ചാര മണലോ...?
ഞാൻ : ഹ്മ്മ് നല്ല പഞ്ചസാര പോലെ വെളുത്ത മണ്ണ്... അതിന്റെ അടിയിൽ ബ്രൗൺ കളർ മണ്ണ് ആണ് ...നമ്മൾ മണ്ണപ്പം ചുട്ടു കളിക്കാൻ മണ്ണ് എടുക്കുമ്പോൾ... എടുത്ത ഭാഗം ഒക്കെ ബ്രൗൺ കളർ ആകും...
പിന്നെ അവിടെ ഒരു വലിയ പുളിമരം ഉണ്ട്... വാളൻപുളി ആണ്... നമ്മൾ ചമ്മന്തി അരയ്ക്കാൻ ഉപയോഗിക്കുന്ന... അതു താഴെ വീഴുമ്പോൾ അചാച്ചി യുടെ അമ്മച്ചി അതായതു ഞങ്ങടെ, വല്യമ്മച്ചി... അതൊക്കെ എടുത്തു, ഉണക്കി സൂക്ഷിക്കും... ഇപ്പോൾ അതൊക്കെ നമ്മൾ കടയിൽ നിന്നല്ലേ വാങ്ങുന്നെ.... അതു താഴെ വീഴുമ്പോൾ പച്ച കളർ ആയിരിക്കും... ഉണങ്ങി വരുമ്പോൾ ബ്രൗൺ കളർ ആകും... അതൊക്കെ ഒത്തിരി കഴിച്ചിട്ടുണ്ട്.... നല്ല പുളി ആയിരിക്കും
അതിന്റെ പുറകിൽ ആയിട്ടു ഒരു പശു തൊഴുത്തും ഉണ്ടായിരുന്നു... പശു തൊഴുത്തിന്റെ സൈഡിൽ ഒരു ചെത്തി നിൽപ്പുണ്ട്.. ഒരു ചെമ്പരത്തിയും.... ചെമ്പരത്തി എന്നു പറഞ്ഞാൽ തേൻ ഉള്ള ചെമ്പരത്തി പൂവുള്ളതാണ്...
അന്ന : ഏഹ് അപ്പോൾ അതിൽ നിന്നും തേൻ കുടിക്കാമോ...?
ഞാൻ : ഹ്മ്മ് പൂവെടുത്തു.. അതിന്റെ പുറകു വശം സിപ് ചെയ്താൽ ഇത്തിരി തേൻ കിട്ടും... അപ്പോ ഒത്തിരി പൂവ് എടുത്താൽ ഒത്തിരി തേൻ കുടിക്കാം...
പിന്നെ ചെമ്പരത്തി യുടെ തളിരില എടുത്തു, തളിരില എന്ന് പറഞ്ഞാൽ പുതിയ കുഞ്ഞൻ ഇല... അതു പിച്ചി എടുത്തു, കൈ പത്തി യിൽ ഒട്ടിച്ചു വെച്ചിട്ട് കൈ കമത്തിയാൽ അതു, കാറ്റിൽ ഇങ്ങനെ ആടും... കൈയിൽ ഒട്ടി നിന്നും കൊണ്ട്...
അന്ന : ഏഹ്ഹ് അതെങ്ങനെ
ഞാൻ : ഇലയുടെ അറ്റത്തു ഒരു ഗം ഉണ്ട്.... അതുകാരണം അതിങ്ങനെ ഒട്ടി നിൽക്കും... അല്ലാണ്ട് കുമിള വരുന്ന ഒരു ചെടിയും ഉണ്ട്... അതിന്റെ പേരെന്താണോ മറന്നു പോയി.... ഹോ അതൊക്കെ എന്ത് രസമായിരുന്നു.... ഈ ടീവി യുടെ ഒക്കെ മുൻപിൽ കുത്തിയിരിക്കുന്ന പോലെ ഒന്നും അല്ല... തിരുവനന്തപുരത്തു നിന്നു ആലപ്പുഴ പോകുന്നു എന്ന് പറഞ്ഞാലേ ഉത്സവം ആണ്..
അന്ന : ഓഹോ....
ഞാൻ : നമ്മൾ ചെല്ലുമ്പോൾ വല്യമ്മച്ചിയുടെ ഒരു സ്പെഷ്യൽ സംഭവം ഉണ്ട്... ബേക്കറി ഇലെ ബ്രെഡും, പോർക്ക് ഫ്രൈയും, തേങ്ങാകൊത്തൊക്കെ ഇട്ടു... ഹോ... വായിൽ വെള്ളം വരുന്നു...
പിന്നെ അവിടുന്ന് അമ്മച്ചിയുടെ വീട്ടിലേക്കു.. ചുങ്കത്തെക്ക് പോകുന്ന വഴി ഹൌസ് ബോട്ടുകളും, ബോട്ട് ജെട്ടി യും ... അവിടെ ഒരു പേരുകേട്ട ലോട്ടറി കട യുണ്ട് പേര് മറന്നു പോയി... പിന്നെ ഭീമ പട്ടരുടെ കട...
അന്ന : ഏഹ് ഭീമ പട്ടരോ.....?
ഞാൻ : ആഹ് ഇപ്പോഴത്തെ ഭീമ ജ്വല്ലറി ഇല്ലേ അതിന്റെ തുടക്കം ആലപ്പുഴ യിൽ നിന്നാണ്... അവിടെ അവര് പണ്ട് അവരുടെ കടയുടെ മുൻപിൽ ഇങ്ങനെ ചങ്ങല ഇടത്തില്ലെ അതിനകത്തൊക്കെ സ്വർണം വയ്ക്കുമായിരുന്നു എന്നൊക്കെ ഒത്തിരി കഥകൾ, കുഞ്ഞിലേ ഞാൻ കേട്ടിട്ടുണ്ട് സത്യം ആണോ എന്തോ? ...
പിന്നെ നമ്മുടെ പോപ്പി ജോൺസ് കുടകൾ ഇല്ലേ അവരും ആലപ്പുഴക്കാരൻ ഒരു കുടവാവച്ചൻ എന്ന് എന്തോ പേരുള്ള ഒരാളുടെ മക്കളാണ്... പോപ്പി ഡേ കടയും ഒക്കെ ഉണ്ട് പോകുന്ന വഴിയിൽ... മുല്ലക്കൽ എന്നാണ് ആ സ്ഥലം... ഒത്തിരി കടകൾ ഉണ്ട് അവിടെ.... അവിടെ ഒരു അമ്പലം ഉണ്ട്... അവിടുത്തെ മുല്ലക്കൽ ചിറപ്പ് ഒക്കെ ഫേമസ് ആണ്...
കുഞ്ഞിലേ ചിറപ്പിനു പോയിട്ട്, വെള്ളത്തിൽ, തീ കത്തിച്ചിട്ടു ഓടുന്ന ബോട്ടും, പ്ലാസ്റ്റിക് പാവയും, തത്തയും ഒക്കെ വാങ്ങിയത് ഓർമ്മ വരുന്നു.. എന്തൊക്കെ ഓർമയാ... അല്ലേ...?
അന്നാ അന്നാ... ഉറങ്ങിയോ?? ബെസ്റ്റ്.. വെറുതെ മനുഷ്യനെ നൊസ്റ്റാൾജിക് ആക്കിയെച്ചും അവളുമാര് രണ്ടും ഉറക്കമായി...
ദീപ ജോൺ
17 May 2020
Super chechi
ReplyDeleteThank u
DeleteGd language
ReplyDeleteThank u
Delete